സന്ധ്യാ നാമജപം: അറിയേണ്ടതെല്ലാം

By Aswany mohan k.13 06 2021

imran-azhar

 

 


സന്ധ്യ എന്ന വാക്കിനു ശരിയായ ധ്യാനം എന്നു ആചാര്യന്മാർ അർഥമാക്കുന്നു. അത് കൊണ്ട് തന്നെ സന്ധ്യ എന്നത് ഈശ്വര നാമങ്ങൾ ജപിക്കേണ്ട സമയമാണ്. പകൽ സമയങ്ങളിൽ സൂര്യന്റെ പ്രഭാരശ്‌മികളാണ് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നത്. സൂര്യനെ പകൽ സമയത്തെ രക്ഷകനായും സന്ധ്യാവിളക്കിൽ തെളിയുന്ന അഗ്നിയെ രാത്രിയുടെ കാവൽക്കാരനായും പറയുന്നു.

 

 

സന്ധ്യയ്ക്കു കുളിക്കുകയും അലക്കുകയും ചെയ്‌താൽ രോഗങ്ങൾ വിട്ടൊഴിയില്ല എന്നു പറയും. ആഹാരവും മരുന്നും കഴിക്കുന്നതു തെറ്റായി പറയുന്നു. ഈ സമയത്തു കഴിക്കുന്ന ആഹാരപദാർഥങ്ങളിൽ വിഷമയമുണ്ടാകും.അന്തരീക്ഷത്തിലെ വിഷാണുക്കളെ നശിപ്പിക്കാൻ നിലവിളക്കിലെ അഗ്നിക്കു കഴിയും.

 

 

അതു മാത്രമല്ല ഈ വിഷാണുക്കൾ നമ്മുടെ പചന -ചംക്രമണ- നാഡീവ്യൂഹങ്ങളെയും മനസ്സിനെയും ബാധിക്കാതിരിക്കാനാണ് ഏകാഗ്രമായി, ശുദ്ധമായ ശരീരത്തോടെ നാമം ജപിക്കണം എന്നു പറയുന്നത്. ഓട്ടു വിളക്കിന്റെ ലോഹമിശ്രിതവും അതിലൊഴിക്കുന്ന എള്ളെണ്ണയുടെ ഇരുമ്പു ശക്തിയും ചേർന്നു ചൂടാകുമ്പോൾ അന്തരീക്ഷത്തിൽ നല്ല പ്രാണോർജ്ജം ഉണ്ടാകുന്നു.

 

 

ഇതു രോഗാണുക്കളെയും അതിനു കാരണമാകുന്ന ദുർദേവതകളെയും നശിപ്പിക്കുന്നു. സന്ധ്യാദീപം കൊളുത്തുന്നതിനു മുമ്പു അടിച്ചുവാരി തളിച്ചിടണം. എങ്കിൽ മാത്രമേ ലക്ഷ്‌മി ദേവി കുടിയിരിക്കുകയുള്ളൂ. സന്ധ്യാദീപം ലക്ഷ്‌മി പ്രീതിക്കുള്ളതാണ്. നിലവിളക്കു എന്നും തേച്ചു കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് ദീപം കൊളുത്താൻ എടുക്കേണ്ടത്.

 

 

കുളിച്ചു ശുദ്ധിയോടെ ശുഭ വസ്ത്രം ധരിച്ചു ഭസ്‌മവും തൊട്ടതിനു ശേഷമാവണം സന്ധ്യാവിളക്കു കൊളുത്തേണ്ടത്. ഈ ശുദ്ധി തുളസിത്തറയിലും സർപ്പക്കാവിലും അറയിലും നിലവറയിലും വിളക്കു കൊളുത്തുമ്പോൾ ഉണ്ടാകണം. ത്രിസന്ധ്യയിൽ ഉറക്കെ നാമം ചൊല്ലുന്നത് നമുക്കു ചുറ്റിനുമുള്ള ചരാചരങ്ങൾക്കു പോലും ഗുണകരമാണ്.

 


സന്ധ്യാസമയത്തെ യാത്ര, ഗർഭിണികളും കുഞ്ഞുങ്ങളും അസമയത്തു ഇറങ്ങുന്നത്, ത്രിസന്ധ്യയിൽ കയറി വരുന്നതും പോവുന്നതും എല്ലാം സന്ധ്യാ നേരത്ത് അരുതാത്ത കാര്യങ്ങളാണ്. ഗർഭിണികളും, കൈക്കുഞ്ഞുങ്ങളും അസമയത്ത് ഇറങ്ങിയാൽ ഇരുമ്പിന്റെ അംശം കൂടെയുണ്ടാവണം എന്നു പറയും. ഇരുമ്പിന്റെ അംശം കൂടെയുണ്ടെങ്കിൽ ഒരു ബാധയും തീണ്ടുവേല എന്നാണു വിശ്വാസം.

 

 

കലഹവും, പണം കൊടുക്കുന്നതും, ധാന്യങ്ങൾ കൊടുക്കുന്നതും, മുടി ചീകുന്നതും, അതിഥി സൽക്കാരവും, വിനോദവുമെല്ലാം ത്രിസന്ധ്യയിൽ അരുതാത്തതാണ്. ഇതിൽ മുടി ചീകരുത് എന്നു പറയുന്നതിനെ ന്യായീകരിക്കുന്ന ഒരു മുത്തശ്ശിക്കഥയുമുണ്ട്. സന്ധ്യാ സമയത്ത് ദൈവത്തിന്റെ അടുത്തേക്ക് പാലുമായി പോകുന്ന ചെറിയ വണ്ടുണ്ട് . ഈ സമയം മുടി ചീകിയാൽ മുടി പാലിൽ വീണു അശുദ്ധമാവുമെന്നുള്ളതു കൊണ്ടാണ് ത്രിസന്ധ്യയിൽ മുടി ചീകരുതെന്നു പറയുന്നത്.

 

 

സന്ധ്യ മയങ്ങിക്കഴിഞ്ഞ് അരുതാത്ത ചില കാര്യങ്ങൾ പഴയ തലമുറയിലുള്ളവർ പറയാറുണ്ട്. അതിൽ പ്രധാനമാണ് ത്രിസന്ധ്യയിൽ ഉമ്മറപ്പടിയിൽ ഇരിക്കരുതെന്നു പറയുന്നത്. നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ നിഗ്രഹിച്ച സമയമാണിത്. അതുകൊണ്ടു പടിയിൽ ഇരിക്കാൻ പാടില്ല. ഇത് കൂടാതെ തുളസിപ്പൂവിറുക്കുന്നതും കിണറ്റിൽ നിന്നും വെള്ളം കോരുന്നതും നിഷിദ്ധമായി പറയുന്നു.

 

 

തുളസി ധ്യാനത്തിലിരിക്കുന്ന സമയമാണ് സന്ധ്യാ നേരം. ധ്യാനത്തിനു ഭംഗം വരുത്താൻ പാടില്ല. തുളസിയെ മഹാലക്ഷ്‌മിയായാണ് സങ്കൽപ്പിച്ചിരിക്കുന്നത്.സന്ധ്യാദീപം കൊളുത്തി കുടുംബാംഗങ്ങളെല്ലാം ഒത്തൊരുമിച്ചു നാമം ജപിക്കുമ്പോഴാണ് ഐശ്വര്യവും കുടുംബാഭിവൃദ്ധിയും ഉണ്ടാകുന്നത്.

 

 

 

 

OTHER SECTIONS