/kalakaumudi/media/post_banners/b1e8bf1f6af8a6a6e7a5a20659a7c25a42ab450da3758a36377a1956d1be180b.png)
വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നവരാത്രിവ്രതം നോൽക്കുന്നത്. അശ്വിനി മാസത്തിലെ വെളുത്തപക്ഷ പ്രഥമ മുതലാണ് വ്രതം ആരംഭിക്കുന്നത്. പിന്നീടു വരുന്ന ഒമ്പതു ദിനങ്ങളും വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണ്. വിജയദശമി ദിവസം വിദ്യാരംഭത്തോടെ വ്രതാനുഷ്ഠാനം അവസാനിക്കുകയും ചെയ്യുന്നു. കേരളത്തിൽ നവരാത്രിയുടെ അവസാന മൂന്നു ദിവസങ്ങൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. പ്രത്യേകിച്ചും സരസ്വതിദേവിക്കാണ് പ്രാധാന്യം. പഠിച്ച വിദ്യകൾ ഫലവത്താകാൻ വിദ്യാദേവതയുടെ കടാക്ഷം ഉണ്ടാവണം. അതിനു നവരാത്രി വ്രതം നോൽക്കുന്നത് ഉത്തമമായി കരുതുന്നു. വ്രതം തുടങ്ങുന്ന നാളിൽ കുളിച്ച് ശുദ്ധിയോടെ ദേവിയെ ഉപാസിക്കുന്നു. ജലപാനം പോലും അതിനുശേഷമാണ് ചെയ്യുന്നത്.
ഈ ദിവസങ്ങളിൽ മാംസാഹാരാദികൾ വെടിഞ്ഞ് വ്രതാനുഷ്ഠാനികൾ സ്വാതിക ഭക്ഷണരീതി സ്വീകരിക്കുന്നു. ചിലർ നവരാത്രി വ്രതം തുടങ്ങുന്നതിന്റെ തലേനാൾ ഒരിക്കലൂണോടെ വ്രതം തുടങ്ങുന്നു. വ്രതനാളുകളിൽ ക്ഷേത്രദർശനവും, ലളിതസഹസ്രനാമം, ദേവീമാഹാത്മ്യം, സൗന്ദര്യ ലഹരി തുടങ്ങിയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതും സർവ്വശ്രേഷ്ഠമായി കരുതുന്നു. ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും നവരാത്രിപൂജയ്ക്കായി പ്രത്യേക ഒരുക്കങ്ങളും നടത്തുന്നു. പൂജവയ്പിന്റെ അന്നു ക്ഷേത്രത്തിലോ ഗൃഹങ്ങളിലെ പൂജാമുറിയിലോ പഠനവസ്തുക്കൾ പൂജയ്ക്കു വെച്ചു ദേവിയെ ആരാധിക്കുന്നു. പൂജവയ്പ്പിനു ശേഷം ശരീരം, മനസ്സ്, ചിന്ത, വാക്ക് എന്നിവയെ നിയന്ത്രിച്ച് ദേവീഭജനത്തോടെ കഴിയണമെന്നാണ് പറയുന്നത്. വിജയദശമിനാളിൽ ക്ഷേത്രങ്ങളിൽ സരസ്വതി പൂജയ്ക്കു ശേഷമാണ് പൂജയെടുപ്പ്. ഹരിശ്രീ എഴുതാൻ മണൽത്തരികളും ഉണ്ടായിരിക്കും. ഗൃഹങ്ങളിൽ പൂജ വയ്ക്കുമ്പോൾ വീട്ടിലെ മുതിർന്ന അംഗമാണ് അന്നു ദേവീപൂജ നടത്തുന്നത്. കൂടെ കുടുംബാംഗങ്ങളും പൂജയിൽ പങ്കുചേരുന്നു.
ഗൃഹങ്ങളിൽ അരിയിലാണ് ഹരിശ്രീ കുറിക്കുന്നത്. ഹരിശ്രീഗണപതയേ നമ അവിഘ്നമസ്തു എന്നെഴുതിയതിനുശേഷം 'അ, ആ' തുടങ്ങിയ സ്വരാക്ഷരങ്ങളും എഴുതുന്നു. നിഷ്ഠയോടെ വ്രതം നോൽക്കുമ്പോഴാണ് വ്രതാനുഷ്ഠാനത്തിനു പൂര്‍ണ്ണത കൈവരുന്നത്. മനുഷ്യന്റെ അന്തകരണത്തിലെ അന്ധകാരത്തെ തുടച്ചുമാറ്റി അറിവിന്റെ വെളിച്ചത്തെ ദീപ്തമാക്കുവാനാണ് നവരാത്രിവ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
