
പാറശ്ശാല: ശിവാലയ ഓട്ടത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കും. ശിവപ്രീതിക്കായി ഭക്തര്‍ ശിവരാത്രി ദിവസം ഉറക്കമിളച്ച് കന്യാകുമാരി ജില്ലയിലെ പന്ത്രണ്ട് മഹാശിവക്ഷേത്രങ്ങളില്‍ ഓടി ക്ഷേത്രദര്‍ശനം നടത്തുന്ന ചടങ്ങാണ് ശിവാലയ ഓട്ടം. ഓട്ടക്കാര്‍ ശിവനെയും വിഷ്ണുവിനെയും ഭജിച്ച് 'ഗോപാല ഗോവിന്ദാ' എന്ന് വിളിച്ചുകൊണ്ടാണ് ഓടുന്നത്.
കുഴിത്തുറയ്ക്ക് സമീപത്തെ മുഞ്ചിറ തിരുമല മഹാദേവര്‍ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് വിവിധ സ്ഥലങ്ങളിലായി 105 കിലോമീറ്ററിനുള്ളിലെ പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലാണ് ഓടിയെത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുഞ്ചിറ തിരുമല ക്ഷേത്രത്തിന് സമീപത്തെ താമ്രപര്‍ണി ആറ്റില്‍നിന്ന് കുളിച്ച് ക്ഷേത്രത്തെ വലംെവച്ച് ആദ്യ ദീപാരാധന തൊഴുതശേഷമാണ് ഓട്ടം ആരംഭിക്കുക.
തുടര്‍ന്ന് തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപാകം, കല്‍ക്കുളം, മേലാംങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട് എന്നീ ക്ഷേത്രങ്ങള്‍ക്ക് ശേഷം തിരുനട്ടാലം ക്ഷേത്രത്തില്‍ എത്തുന്നതോടെ സമാപനം ആകും.
ശിവാലയ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുനന്ദിക്കര ക്ഷേത്രത്തില്‍ ഉത്സവവും ശിവരാത്രി നാളുകളിലാണ്. തിരുമലയില്‍നിന്നു കാല്‍നടയായി തിരിച്ച ശിവാലയ ഓട്ടക്കാരില്‍ ആദ്യ ഓട്ടക്കാരന്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയശേഷം മാത്രമേ ഇവിടെ ഉത്സവത്തിന് കൊടിയേറ്റുകയുളളൂ. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഓരോ ക്ഷേത്രത്തിലും മാറി മാറി എത്തുന്ന ഘൃതധാര ഇക്കൊല്ലം നടക്കുന്നത് തൃപ്പരപ്പ് മഹാദേവര്‍ ക്ഷേത്രത്തിലാണ്.