
ദേവീപ്രീതിക്ക് ഏറ്റവും ഉത്തമമായ ദിനമാണ് ഓരോ മാസത്തിലെയും പൗർണമി നാൾ. പൗർണമി (വെളുത്തവാവ് ) ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് സവിശേഷ ഫലദായകമാണ്. തുലാമാസത്തിലെ പൗർണമി വരുന്നത് ഒക്ടോബർ 31 ശനിയാഴ്ചയാണ്. ഓരോ മാസത്തിലെയും പൗർണമി വ്രതാനുഷ്ഠാനത്തിനു ഓരോ ഫലങ്ങളാണ്. ഇതനുസരിച്ചു തുലാമാസത്തിലെ വ്രതാനുഷ്ഠാനം വ്യാധിനാശത്തിനു കാരണമാകും എന്നാണ് വിശ്വാസം
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് ഈ വ്രതം. പൗർണമി വ്രതം അനുഷ്ഠിക്കുന്ന വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കും. ദേവിയെ മാതൃ സങ്കല്പത്തിൽ വേണം ഭജിക്കാൻ. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു പൗർണമി ദിനത്തിൽ ലളിതാ സഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്. ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്.
വ്രതം അനുഷ്ഠിക്കുന്നവർ സൂര്യോദയത്തിനു മുന്നേ ഉണർന്നു കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം, ദേവീ സ്തോത്രങ്ങൾ എന്നിവ ജപിക്കുക. സാധിക്കുമെങ്കിൽ ദേവീക്ഷേത്ര ദർശനം നടത്തുകയും വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യുക. ഒരിക്കൽ അഭികാമ്യം . പകലുറക്കം പാടില്ല . സന്ധ്യക്ക് നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. കഴിയുമെങ്കിൽ രാത്രിഭക്ഷണം പഴങ്ങൾ ആവാം .
ദേവീ സ്തുതികൾ
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
കാളി കാളി മഹാകാളീ
ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച
മാം ച പാലയ പാലയ
ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി.