/kalakaumudi/media/post_banners/2a71dd8cf987d60122f46e6a7e43f344dea4a3d9f07b016d59b2d768952d431c.jpg)
ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഇല്ലാത്ത ആരുമുണ്ടാകില്ല. എന്നാൽ ഇവ പരിഹരിക്കാൻ ഒരു ഒറ്റമൂലിയുണ്ട്.അതാണ് രാമനാമജപം.രാമായണത്തിലെ ഓരോ ഭാഗം വായിക്കുന്നതിനും പ്രത്യേകം ഫലസിദ്ധിയാണ് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്. അതിനാൽ ശ്രദ്ധയോടെ പാരായണം ചെയ്താൽ രാമായണം കൊണ്ടുമാത്രം അസാധ്യമായ ഏതൊരു കാര്യവും നേടി ജീവിതത്തിൽ വിജയം സ്വന്തമാക്കാം.
ശ്രീരാമചന്ദ്രൻ മഹാവിഷ്ണുവാണ്; പരമാത്മാവാണ്. ആനന്ദചിത്തനാണ്. ആദിയും അന്തവുമില്ലാത്തവനാണ്. ഭഗവാന്റെ മായകൊണ്ടാണ് ഈ ജഗത്തിനെ സൃഷ്ടിച്ചത്. സർവ്വഭൂതങ്ങളുടെയും അന്തരംഗത്തിൽ രാമൻ കുടികൊള്ളുന്നു. അവയുടെ എല്ലാപ്രവർത്തനവും ഭഗവാൻ നിർവഹിക്കുന്നു. ശ്രീരാമചന്ദ്രൻ ജ്ഞാനസ്വരൂപനാണ്. മഹാവിഷ്ണുവിന് ജ്ഞാനം അജ്ഞാനം എന്ന രണ്ട് അവസ്ഥകളില്ല.
ദുഷ്ടരെ നിഗ്രഹിച്ചും ശിഷ്ടരെ രക്ഷിച്ചും ലോകപരിപാലനം നടത്തുന്നവനും സർവ്വലോക ചരാചരസംരക്ഷകനും ഭേദമില്ലാത്തവനും ദേശകാലാവസ്ഥകളെ വിട്ടു നിൽക്കുന്നവനും സർവ്വജീവജാലങ്ങളുടെയും ജീവാത്മാവായിട്ടുള്ളവനും, ആദിമദ്ധ്യാന്തമില്ലാത്തവനും, സർവ്വചരാചരങ്ങൾക്കും നാഥനായിട്ടിരിക്കുന്നവനുമാണ് ശ്രീരാമചന്ദ്രൻ.
നിരന്തരം രാമനാമം ജപിക്കുന്നവൻ ജനനമരണചക്രത്തിൽ നിന്നും വളരെ എളുപ്പത്തിൽ രക്ഷപ്പെടും. എവിടെ രാമനാമം ജപിക്കുന്നുവോ അവിടെ മഹാവിഷ്ണുവിന്റെ സുദർശനചക്രം ഭക്തരക്ഷക്കായി കറങ്ങിതിരിയുന്നുണ്ടാകും.
ഒരുവൻ എത്ര ദീനനും ദു:ഖിതനും സാധുവുമാകട്ടെ, നിരന്തരമായിട്ടുള്ള രാമനാമജപം അവന്റെ ജീവിതം കൂടുതൽ സുരക്ഷിതമാക്കും. രാമന്റെയും സീതയുടെയും കഥയാണ് രാമായണം. എല്ലാ നല്ല ഗുണങ്ങളുടെയും സ്വരൂപമായ, മാതൃകാ പുരുഷോത്തമനായ ശ്രീരാമ നാമജപം എല്ലാത്തരം പാപങ്ങളിൽ നിന്നും മനുഷ്യരെ എപ്പോഴും രക്ഷിക്കും.
ഇടതടവില്ലാതെ രാമനാമം ജപിച്ചാൽ ആനന്ദദായകമായ ആ സുന്ദരരൂപം മനസിൽ തെളിഞ്ഞുവരും. മനസും ശരീരവും ശുദ്ധമാക്കി വെയ്ക്കുക. രാമായണമെന്നമഹാസാഗരത്തിൽ മുങ്ങിതപ്പുക. അപ്പോൾ മനുഷ്യമനസിൽ അടിഞ്ഞുകൂടികിടക്കുന്ന അഴുക്കുകൾ കഴുകികളയാനുള്ള വാസനാദ്രവ്യങ്ങൾ നമുക്ക് ലഭിക്കും. മനസിലെ അഴുക്കുകൾ അതുപയോഗിച്ച് കഴുകിക്കളയുക. സ്വകർമ്മം അനുഷ്ഠിക്കുക. ഒഴിവുനേരങ്ങളിൽ സദാ രാമനാമം ഉരുവിടുക.
'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേകൃഷ്ണ…ഹരേകൃഷ്ണ…കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'
ഈ മന്ത്രം ചൊല്ലുക. ചൊല്ലികൊണ്ടേ ഇരിക്കുക. ഇതിൽപരം മോക്ഷദായകമായ ഒരു ഒറ്റമൂലി ഇല്ലെന്ന് നിസംശയം പറയാം.