ശനിദോഷം മാറാന്‍ ഈ പരിഹാരം ഉത്തമം

ശനിഗ്രഹദോഷം അനുഭവിക്കുന്നവര്‍ ശനിഗ്രഹദോഷപരിഹാരമന്ത്രം ചൊല്ലുന്നത് വളരെ നല്ലതാണ്. പാപഗ്രഹമായ ശനി കറുത്തുമെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും പിംഗല വര്‍ണമുള്ള കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കല്‍പ്പിക്കുന്നത്.

author-image
parvathyanoop
New Update
ശനിദോഷം മാറാന്‍ ഈ പരിഹാരം ഉത്തമം

ഏറ്റവും ശക്തിയേറിയ ഗ്രഹമായിട്ട് പറയപ്പെടുന്നത് ശനിയെയാണ്. സൂര്യന്റെ മകനായ ശനി ആയുസിന്റെ കാരകനാണ്. ശനിദോഷത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. ശനിയുടെ അപഹാരകാലം. ജാതകത്തില്‍ ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്.

ശനി പ്രീതികരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമമായ ദോഷപരിഹാരമാണ്. ജാതക വശാലുണ്ടാകുന്ന ശനിയുടെ ദശാപഹാര കാലഘട്ടത്തിലാണ് ശനിദോഷം കഠിനമാകുന്നത് .മറ്റൊന്ന് ഗോചരാലുണ്ടാകുന്ന ഏഴരശനി, കണ്ടകശനി,അഷ്ടമ ശനി കാലഘട്ടമാണ്.

ജനിച്ച കൂറിലും അതിനു മുന്‍പും പിന്‍പുമുള്ള രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലമാണ് ഏഴരശനി. 4,7,10 രാശികളില്‍ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടകശനി. ശനി എട്ടില്‍ സഞ്ചരിക്കുന്നതിനെ അഷ്ടമ ശനി എന്നും പറയുന്നു. ഇക്കാലങ്ങളില്‍ ശനീശ്വരനേയോ അയ്യപ്പസ്വാമിയേയോ ഭജിക്കുക വഴി ശനിദോഷങ്ങള്‍ അകറ്റാന്‍ സാധിക്കും.

ശനിദോഷ കാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം,മരണം, അപകടം, മനഃപ്രയാസം എന്നിവയെല്ലാം സംഭവിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ ശനി സഞ്ചരിക്കുകയാണെങ്കില്‍ തൊഴില്‍ രംഗത്തെ പ്രതികൂലമായി ബാധിക്കും.

ഐതിഹ്യം

സൂര്യദേവനോട് ശനീശ്വരന് കടുത്ത പകയാണെന്നാണ് വിശ്വാസം. കാരണം യമധര്‍മ്മന്‍ ഛായാദേവിയോട് ധിക്കാരപൂര്‍വ്വം പെരുമാറുന്നതു കണ്ടിട്ടും സൂര്യദേവന്‍ എതിര്‍ത്തൊന്നും പറയാതെ മൗനം പാലിച്ചു.

അമ്മയ്ക്കു വേണ്ടി ദേവേന്ദ്രനോട് പോലും പോരാടുകയും എത് പരിതഃസ്ഥിതിയിലും അമ്മക്ക് ഒപ്പം നിലകൊള്ളുകയും സര്‍വ്വ ദേവന്മാരെയും അസുരന്മാരെയും ത്രിമൂര്‍ത്തിമാരെയും വരെ വെല്ലുവിളിക്കാനും പോന്നവനാണ് ശനിദേവന്‍. അതിനാലാണ് ജ്യോതിഷത്തില്‍ സൂര്യനും ശനിയും ഭിന്നിച്ചു നില്‍ക്കുവാന്‍ ഇടവന്നത് എന്ന് കരുതപ്പെടുന്നു.

ശനി സത്യത്തിനും ധര്‍മത്തിനും വേണ്ടി നിലകൊള്ളുന്ന ദേവപുത്രനാണ്. ശനിയുടെ അഹങ്കാരം തീര്‍ക്കുന്നതിനുള്ള ശക്തി ശിവനും ശിവസന്തതികള്‍ക്കും മാത്രമാണുള്ളത്. നവഗ്രഹങ്ങളില്‍ ആയുസ്സിന്റെ കാര്യത്തില്‍ ശനിക്കാണ് ആധിപത്യം .

നക്ഷത്രങ്ങളില്‍ പൂയം, അനിഴം, ഉത്രട്ടാതി എന്നിവയും പൂക്കളില്‍ കരിങ്കൂവളവും രത്‌നങ്ങളില്‍ നീല വൈഡൂര്യവും നവധാന്യങ്ങളില്‍ എള്ളും തൈലങ്ങളില്‍ നവഗ്രഹതൈലവും ശനീശ്വരന്‍ ഇഷ്ടപ്പെടുന്നു. കാക്കയാണ് ശനീശ്വരന്റെ വാഹനം. ശനിയാഴ്ച ദിവസങ്ങളില്‍ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്.

ശനിഗ്രഹദോഷം അനുഭവിക്കുന്നവര്‍ ശനിഗ്രഹദോഷപരിഹാരമന്ത്രം ചൊല്ലുന്നത് വളരെ നല്ലതാണ്. പാപഗ്രഹമായ ശനി കറുത്തുമെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും പിംഗല വര്‍ണമുള്ള കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കല്‍പ്പിക്കുന്നത്.

ഒരുമനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായ ശനിയുടെ പിടിയിലാണ്. ശനി അനുകൂലമായി വന്നാല്‍ സര്‍വ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവര്‍ക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താല്‍ തന്നെയാണ്. ശനി അനിഷ്ടസ്ഥാനത്താണെങ്കില്‍ സര്‍വ്വകാര്യ പരാജയവും കടവും.

ശനി സ്‌തോത്രം

നീലാഞ്ജന സമാനാഭം രവിപുത്രം യമാഗ്രജം ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം. അസ്യശ്രീ ശനീശ്വര സ്തോത്ര മഹാമന്ത്രസ്യ കശ്യപ ഋഷി അനുഷ്ടുപ്ഛന്ദഃ ശനീശ്വരോ ദേവതാ.

ശനിദോഷത്തിനായി ചെയ്യാവുന്ന പരിഹാരങ്ങള്‍

1.ശനിയുടെ പ്രീതിക്കായി ശനീശ്വര പൂജ നടത്താം. ശനീശ്വര മന്ത്രം ജപിക്കുന്നതും ഉത്തമമാണണ്. ശനിയാഴ്ച വ്രതം നോല്‍ക്കുന്നതും ഗുണം ചെയ്യും.ശനി ഗ്രഹത്തിന് നീരാഞ്ജനം കത്തിക്കുകയോ ശനി സ്‌തോത്രം ചൊല്ലുകയോ ആവാം.

2.നവഗ്രഹ പ്രതിഷ്ഠ പ്രത്യേകിച്ച് ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ശനിക്കു വേണ്ടിയുള്ള പൂജ ശാസ്താവിനോ പരമശിവനോ ആണ് നല്‍കേണ്ടത്.ശനിയാഴ്ച ദിവസം കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് കാക്കയ്ക്ക് എള്ളും പച്ചരിയും കൊടുക്കുന്നത് ഗുണഫലം ചെയ്യും.

3.പാവപ്പെട്ടവര്‍ക്ക് ആഹാരവും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും ദോഷപരിഹാരത്തിന് ഉത്തമമായി കണക്കാക്കുന്നു.പുരുഷന്മാര്‍ വലതു കൈയുടെ നടുവിരലിലും സ്ത്രീകള്‍ ഇടതു കൈയുടെ നടുവിരലിലും ഇന്ദ്രനീലക്കല്ലിന്റെ മോതിരം ധരിക്കുന്നതും നല്ലതാണ്.

shani dosham