തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ശ്രീ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ആരംഭിച്ചു

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കില്‍ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തില്‍ വെള്ളാരപ്പള്ളി ഗ്രാമത്തില്‍ പെരിയാറിന്റെ വടക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

author-image
online desk
New Update
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം  ശ്രീ പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ആരംഭിച്ചു

2020 ജനുവരി 09 വ്യാഴാഴ്ച
രാത്രി 8 മണി മുതല്‍
2020 ജനുവരി 20 തിങ്കളാഴ്ച
വരെ...

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കില്‍ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തില്‍ വെള്ളാരപ്പള്ളി ഗ്രാമത്തില്‍ പെരിയാറിന്റെ വടക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനും, പാര്‍വ്വതിയുമാണ് ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തികള്‍. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാര്‍വതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദര്‍ശനമായി ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പന്‍,മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തില്‍ തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം, ദാമ്പത്യസൗഖ്യക്കുറവ് എന്നിവ അനുഭവിയ്ക്കുന്നവര്‍ ദേവിയെ പ്രാര്‍ത്ഥിച്ച് അനുഭവസിദ്ധി കൈവരിയ്ക്കുന്നു എന്നാണ് വിശ്വാസം. ഇവിടെ വരുന്ന ഭക്തര്‍ അധികവും സ്ത്രീകളാണ്. അതിനാല്‍ ഈ ക്ഷേത്രത്തിനെ ''സ്ത്രീകളുടെ ശബരിമല' എന്നും വിളിച്ചുപോരുന്നു. ശിവന് കുംഭമാസത്തില്‍ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. #അകവൂര്‍, #വെടിയൂര്‍, #വെണ്മണി എന്നീ മൂന്ന് ഇല്ലക്കാര്‍ ചേര്‍ന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ട്രസ്റ്റിനുകീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.

ഐതിഹ്യം
********
ക്ഷേത്രോത്പത്തി

------------------------------------------
തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂര്‍ മനയുമായും പറയിപ്പെറ്റ പന്തീരുകുലവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. മുമ്പ് തൃശ്ശിവപേരൂര്‍ ജില്ലയിലെ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂര്‍ മന സ്ഥിതിചെയ്തിരുന്നത്. അകവൂര്‍ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവന്‍ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവര്‍ നിത്യേന അവിടെ ദര്‍ശനം നടത്തിപ്പോന്നു. കാലാന്തരത്തില്‍, കുടുംബത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ നിമിത്തം അകവൂര്‍ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവര്‍ വെള്ളാരപ്പള്ളിയില്‍ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂര്‍ ചാത്തന്‍ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ചാത്തന്‍ അകവൂര്‍ മനയിലെ അംഗങ്ങള്‍ക്ക് പ്രിയങ്കരനായി.

വെള്ളാരപ്പള്ളിയില്‍ താമസമാക്കിയശേഷവും അകവൂര്‍ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാല്‍ അങ്ങോട്ട് പോയിവരാന്‍ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തന്‍, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടര്‍ന്ന് ദര്‍ശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാല്‍, പ്രായമായപ്പോള്‍ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോള്‍ നടയില്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാന്‍ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂര്‍ത്തിയായ ഐരാണിക്കുളത്തപ്പന്‍, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.

മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോള്‍ അതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയില്‍ മനപ്പറമ്പില്‍ നിന്ന് അല്പം ദൂരെയെത്തിയപ്പോള്‍ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാന്‍ പറയുകയും ചാത്തന്‍ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീര്‍ത്തു. തുടര്‍ന്ന് കൈകള്‍ കഴുകി കുടയെടുത്തപ്പോള്‍ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോള്‍ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂര്‍ മനക്കടവില്‍ തോണിയെത്തിയപ്പോള്‍ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തന്‍ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തന്‍ പറഞ്ഞു. ചാത്തന്‍ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂര്‍ മനക്കടവില്‍ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങള്‍ അവിടെ സൈ്വരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാന്‍ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന്ഋ മൂര്‍ച്ച കൂട്ടാന്‍ അടുത്തുകണ്ട ഒരു കല്ലില്‍ ഉരച്ചുനോക്കിയപ്പോള്‍ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടര്‍ന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോള്‍ സ്വയംഭൂവായ ഒരു ശിവലിംഗത്തില്‍ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തു നിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പന്‍ നമ്പൂതിരിയുടെ കുടയില്‍ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രം ഒഴിയ്ക്കുന്നതിനു മുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോള്‍ ഐരാണിക്കുളത്തപ്പന്‍ കുടയില്‍ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റില്‍ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തന്‍ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോള്‍ നമ്പൂതിരി ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പ്രഗത്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തില്‍ എല്ലാവിധ വാസ്തു
ടനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിര്‍മ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പന്‍ പാര്‍വ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാല്‍ പുതിയ ക്ഷേത്രത്തിലും പാര്‍വ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പന്‍ കുടികൊള്ളുന്ന സന്നിധി, അന്നുമുതല്‍ തിരുവൈരാണിക്കുളം എന്ന പേരില്‍ പ്രസിദ്ധമായി. അകവൂര്‍ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി.

നടതുറപ്പു മഹോത്സവം
~~~~~~~~

ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാന്‍ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ,

പണ്ടുകാലത്ത്, ക്ഷേത്രത്തില്‍ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തില്‍ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തില്‍, നിവേദ്യത്തിനായുള്ള വസ്തുക്കള്‍ തിടപ്പള്ളിയിലെത്തിച്ചാല്‍പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നു നോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും. ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാര്‍ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങള്‍ തിടപ്പള്ളിയില്‍ കയറ്റി വാതിലടച്ചശേഷമാണ് അവര്‍ ദര്‍ശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതില്‍ തുറന്നുനോക്കിയ അവര്‍ കണ്ടത് സര്‍വ്വാഭരണവിഭൂഷിതയായ പാര്‍വ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്. ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാര്‍ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതില്‍ ദുഃഖിതയായ ദേവി, താന്‍ ക്ഷേത്രം വിട്ടിറങ്ങാന്‍ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതില്‍ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളില്‍ വീണ് മാപ്പപേക്ഷിച്ചപ്പോള്‍ എല്ലാ വര്‍ഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം ദര്‍ശനം നല്‍കുന്നതാണെന്നും ആ സമയത്തുവന്ന് ദര്‍ശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ദേവി അരുള്‍ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്.

എത്തിച്ചേരാനുള്ള വഴി
****'***

ആലുവയില്‍ നിന്ന് മാറംപള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തില്‍ എത്താം. ദൂരം 10 കിമീ. ആലുവയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നുണ്ട്.

എംസി റോഡ് വഴി വരുന്നവര്‍ കാലടി ജങ്ഷനില്‍ നിന്ന് ആലുവ - കാലടി റൂട്ടില്‍ 8 കിമീ. സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം

ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്‍
ആലുവ. ദൂരം 8.9 കിമീ...
അങ്കമാലി റെയില്‍വെ സ്റ്റേഷന്‍ - ദൂരം 14 കിമീ.

അടുത്ത വിമാനത്താവളം - കൊച്ചി (നെടുമ്പാശേരി) അന്താരാഷ്ട്ര വിമാനത്താവളം - 10 കിമീ

thiruvairaanikkulam