ഐശ്വര്യം, അഭിവൃദ്ധി... ഏകാദശി നിറവില്‍ തൃപ്രയാര്‍

ഏകാദശി ആഘോഷ നിറവില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം. ഞായറാഴ്ച രാവിലെ 8 ന് ശീവേലി എഴുന്നള്ളിപ്പോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. ദേവസ്വത്തിന്റെ 15 ആനകളും വഴിപാടായി എത്തുന്ന ആനകളും ഉള്‍പ്പെടെ 25 ആനകള്‍ അണിനിരന്നു.

author-image
Web Desk
New Update
ഐശ്വര്യം, അഭിവൃദ്ധി... ഏകാദശി നിറവില്‍ തൃപ്രയാര്‍

തൃപ്രയാര്‍: ഏകാദശി ആഘോഷ നിറവില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം. ഞായറാഴ്ച രാവിലെ 8 ന് ശീവേലി എഴുന്നള്ളിപ്പോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. ദേവസ്വത്തിന്റെ 15 ആനകളും വഴിപാടായി എത്തുന്ന ആനകളും ഉള്‍പ്പെടെ 25 ആനകള്‍ അണിനിരന്നു. ദേവസ്വം ശ്രീരാമന്‍ തിടമ്പേറ്റി. കിഴുക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം അകമ്പടിയായി.

ശീവേലി 12.30 വരെ നീണ്ടുനില്‍ക്കും. തുടര്‍ന്ന് കിഴക്കേ നടപ്പുരയില്‍ സ്‌പെഷല്‍ നാഗസ്വര കച്ചേരി. 2നു മണലൂര്‍ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. 3 ന് കാഴ്ചശീവേലി. ദേവസ്വത്തിന്റെ 11 ആനകള്‍ അണിനിരക്കും. പെരുവനം സതീശന്‍മാരാരുടെ പ്രമാണത്തില്‍ ധ്രുവമേളം.

വൈകിട്ട് 6ന് എടനാട് രാമചന്ദ്രന്‍ നമ്പ്യാര്‍ പാഠകം അവതരിപ്പിക്കും. 6.30 ന് ദീപാരാധന. തൃപ്രയാര്‍ രമേശന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം. രാത്രി 7.30ന് സ്റ്റേജില്‍ സ്‌പെഷല്‍ നാഗസ്വരം. 11.30നു വിളക്കിനെഴുന്നള്ളിപ്പ്. തിങ്കളാഴ്ചയാണ് ദ്വാദശി.

ഏകാദശി വ്രതം നോറ്റ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഏകാദശി ഊട്ട് രാവിലെ 7.30ന് ഊട്ടുപുര ഹാളില്‍ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലേറെ പേര്‍ക്കാണ് ഊട്ട് ഒരുക്കുന്നത്. ഗോതമ്പ് ചോറ്, രസകാളന്‍, പുഴുക്ക്, മാങ്ങക്കറി, പായസം എന്നിവയാണ് വിഭവങ്ങള്‍.

ഏകാദശി ദിവസം ശ്രീമഹാവിഷ്ണുവിനെയും പ്രദോഷവ്രത ദിവസം ശ്രീപരമേശ്വരനെയുമാണ് ഭജിക്കേണ്ടത്. ഈ വ്രതാനുഷ്ഠാനങ്ങളിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

ekadashi thriprayar temple