നാളെ തൃക്കാര്‍ത്തിക

By parvathyanoop.06 12 2022

imran-azhar

 

വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയാണ് നാളെ .ദേവിയുടെ ജന്മനക്ഷത്രമായതിനാല്‍ ദേവീക്ഷേത്രങ്ങളില തൃക്കാര്‍ത്തിക മഹോത്സവമായി ആഘോഷിക്കുന്നു.തൃക്കാര്‍ത്തിക ബുധനാഴ്ച വീടുകളിലും ക്ഷേത്രങ്ങളിലും കാര്‍ത്തിക ദീപം തെളിച്ചു ആഘോഷിക്കും.ദേവി പ്രീതി ചൊരിയുമെന്നാണ് വിശ്വാസം.

 

കാര്‍ത്തിക പൗര്‍ണമിയും കാര്‍ത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാര്‍ത്തികയായി ആഘോഷിക്കുന്നത്.ശകവര്‍ഷത്തിലും തമിഴ് മാസത്തിലും വൃശ്ചികമാസത്തിന്റെ പേര് കാര്‍ത്തിക എന്നാണ്. തമിഴ്‌നാട്ടിലാണ് കാര്‍ത്തിക പ്രധാമെങ്കിലും കേരളത്തില്‍ പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍, തൃക്കാര്‍ത്തിക പ്രധാന ആഘോഷമാണ്.

 

അധര്‍മ്മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ്ണവിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു.. കാര്‍ത്തിക ഉത്സവത്തിന് ദേവി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ ഉണ്ടാകും. വ്രതത്തോടെയാണ് കാര്‍ത്തിക ദീപം തെളിയിക്കുന്നത് .

 

ഇപ്പോള്‍ ചെരാതുകള്‍ക്ക് പകരം മെഴുകുതിരികള്‍ ആണ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട് ദീപങ്ങളില്‍.ഗ്രാമങ്ങളില്‍ വാഴ തടങ്ങളിലും തടിയിലും ഓലകെട്ടി ഉയര്‍ത്തി സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്നതും പതിവാണ്.

 

മുന്‍കാലത്ത് കൊതുമ്പു ചൂട്ടും ചേര്‍ത്ത് വാണം ഉണ്ടാക്കി കത്തിച്ച് സന്ധ്യയ്ക്ക് തെരുവുകളില്‍ കുട്ടികള്‍ വീശുമായിരുന്നു.വീടുകളില്‍ തെരളി ,ഇലയട എന്നിവ തയ്യാറാക്കും. കാച്ചില്‍ ,ചെറുകിഴങ്ങ് ,ചേമ്പ് ,മധുരക്കിഴങ്ങ് എന്നിവ ഒരുമിച്ച് വേവിച്ച് കഴിക്കുന്നതും കാര്‍ത്തിക ആഘോഷത്തിനാണ്.

 

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ,കരിക്കകം ചാമുണ്ഡി ക്ഷേത്രം, തോന്നല്‍ ദേവി ക്ഷേത്രം ,അരകത്ത് ദേവീക്ഷേത്രം ,പരശുവയ്ക്കല്‍ ദേവി ക്ഷേത്രം ,ആര്യശാല ദേവീക്ഷേത്രം എന്നിവിടങ്ങളിലും ദേവിയുടെ ഉപദേവത പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും തൃക്കാര്‍ത്തിക ആഘോഷം ഉണ്ടായിരിക്കും.

 

കന്യാകുമാരി ജില്ലയിലെ ദേവി ക്ഷേത്രങ്ങളില്‍ തൃക്കാര്‍ത്തികയ്ക്ക് രാത്രിയില്‍ ചൊക്കപ്പന കത്തിക്കുന്ന ആചാരം ഉണ്ട്.പനന്തടിക്ക് ചുറ്റും വൃത്താകൃതിയില്‍ പനയോല പൊതിഞ്ഞ കൂറ്റന്‍ രൂപത്തെ കത്തിക്കുന്ന ആഘോഷമാണിത് .

 

എഴുന്നള്ളിച്ചു നിര്‍ത്തിയ ദേവി വിഗ്രഹത്തിനു മുന്നിലാണ് പന കത്തിക്കുന്നത്.ഗൃഹത്തില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് ഐതിഹ്യം.
അഗ്നി നക്ഷത്രമാണ് കാര്‍ത്തിക.

 


ശ്രീ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ടത് തുളസി കൊണ്ടുള്ള പൂജയാണ്. തുളസിയുടെ അവതാരം തൃക്കാര്‍ത്തികയിലായിരുന്നു. താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ നിഗ്രഹിച്ച് വരുന്ന ശ്രീപരമേശ്വരനെ ദേവീദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതിനാല്‍ തൃക്കാര്‍ത്തിക ദിവസം ദീപോത്സവമായി ആചരിക്കുന്നു.ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂര്‍വ്വം ജപിക്കുക ദേവീക്ഷേത്ര ദര്‍ശനവും നന്ന്.

 

സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തില്‍ കുടുംബാഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് കാര്‍ത്തിക വിളക്കു തെളിയിച്ചു ഭക്തിയോടെ ദേവീകീര്‍ത്തനങ്ങള്‍ ജപിക്കുക.വൃശ്ചികം ഒന്നു മുതല്‍ കാര്‍ത്തിക വരെ കാര്‍ത്തിക പൂവിടുന്ന ചടങ്ങും ഉണ്ട്. തെക്കതുകള്‍ക്ക് മുന്നിലെ മുറ്റത്താണ് കാര്‍ത്തിക പൂക്കളം ഒരുക്കുന്നത്.


ഐതിഹ്യം

ശിവപുത്രനായി അവതരിച്ച് ശ്രീ. സുബ്രഹ്മണ്യനെ എടുത്തുവളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു. ആയതുകൊണ്ട് തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടേയും ശ്രീ സുബ്രഹ്മണ്യന്റെയും ശ്രീപരമേശ്വരന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

 

 

 

 

 

 

OTHER SECTIONS