പുണ്യമായി അഷ്ടമീദർശനം; ദർശന സാഫല്യത്തിലേയ്ക്ക് നട തുറന്ന് വൈക്കത്തഷ്ടമി, ഭക്തജനത്തിരക്ക്

വൈക്കത്തഷ്ടമിദിനത്തിൽ ദർശന സുകൃതം തേടി ഭക്തജനത്തിരക്ക്.പുലർച്ചെ നാലരയോടെയാണ് നടതുറന്നത്.

author-image
Lekshmi
New Update
പുണ്യമായി അഷ്ടമീദർശനം; ദർശന സാഫല്യത്തിലേയ്ക്ക് നട തുറന്ന് വൈക്കത്തഷ്ടമി, ഭക്തജനത്തിരക്ക്

വൈക്കത്തഷ്ടമിദിനത്തിൽ ദർശന സുകൃതം തേടി ഭക്തജനത്തിരക്ക്.പുലർച്ചെ നാലരയോടെയാണ് നടതുറന്നത്.വിശേഷാൽ പൂജകൾക്കും നിവേദ്യത്തിനും ശേഷം തുറന്ന തിരുനടക്ക് മുന്നിൽ അർദ്ധരാത്രി മുതൽ ഭക്തർ കാത്തുനിന്നു.തിരുനടയിലെ മണി മുഴക്കി ഭഗവാനെ ഉണർത്തി മേൽശാന്തി ശ്രീകോവിലിലേക്ക്.

സോപാന സംഗീതത്തിന്റെ അകമ്പടിയിൽ അടച്ചിട്ട ശ്രീ കോവിലിൽ ഭഗവാന് പൂജകളും നിവേദ്യവും.കുളിച്ച് ശുദ്ധിയായി അർദ്ധരാത്രിയോടെ തന്നെ ക്യൂവിൽ ഇടം പിടിച്ച ഭക്തർക്ക് മുന്നിൽ ഉഷഃപൂജക്കും എതൃത്ത് പൂജക്കും ശേഷം നാലരയോടെ നടതുറന്നു.ക്ഷേത്ര ഗോപുര വാതിലുകൾ മുതൽ ബാരിക്കേഡുകൾ വഴിയായിരുന്നു ദർശനത്തിനായുള്ള ഭക്തരുടെ പ്രവേശനം.

ക്ഷേത്രമതിൽകെട്ട് നിറഞ്ഞ ഭക്തരുടെ നിര ഗോപുര വാതിലുകൾക്ക് പുറത്ത് റോഡുകളിലേക്കും നീണ്ടു. ഉച്ചക്ക് 2 മണിവരെയാണ് ദർശനത്തിനുള്ള സമയം. ഉച്ചക്ക് ശേഷം ക്ഷേത്ര ചടങ്ങുകൾ ഉണ്ടാവില്ല. കലാമണ്ഡപത്തിൽ മാത്രമാവും പരിപാടികൾ നടക്കുക.

വൈകിട്ടോടെ കിഴക്കേ ആനക്കൊട്ടിലിൽ താളമേളങ്ങളൊന്നുമില്ലാതെ മകനായ ഉദയനാപുരത്തപ്പനെയും കാത്ത് ഭഗവാൻ എഴുന്നള്ളി നിൽക്കും.രാത്രി മകനായ ഉദയനാപുരത്തപ്പന്റെ വരവാണ്. തുടർന്നാണ് അഷ്ടമി വിളക്കും പുലർച്ചെ വിട പറയൽ ചടങ്ങും നടക്കുക. ഇന്ന് 121 പറ അരിയുടെ പ്രാതൽവഴിപാടാണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്.

vision vaikom ashtami