ബുധമാറ്റം സംഭവിക്കുന്ന ആഴ്ച; നിങ്ങളെ ബാധിക്കുന്നതെങ്ങനെ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും നിശ്ചിതകാലഗതിക്ക് അനുസരിച്ച് രാശി മാറ്റം സംഭവിക്കുന്നു. ഇതിനെ രാശി സംക്രമണം എന്നുവിളിക്കുന്നു. ജൂണ്‍ മാസം നാല് പ്രധാന ഗ്രഹങ്ങള്‍ രാശി മാറുന്നുണ്ടെങ്കിലും ആദ്യം മാറ്റം സംഭവിക്കുന്നത് ബുധഗ്രഹത്തിനാണ്. ബുധന്‍ ജൂണ്‍ 7 ന് മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു.

author-image
Web Desk
New Update
ബുധമാറ്റം സംഭവിക്കുന്ന ആഴ്ച; നിങ്ങളെ ബാധിക്കുന്നതെങ്ങനെ?

 

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും നിശ്ചിതകാലഗതിക്ക് അനുസരിച്ച് രാശി മാറ്റം സംഭവിക്കുന്നു. ഇതിനെ രാശി സംക്രമണം എന്നുവിളിക്കുന്നു. ജൂണ്‍ മാസം നാല് പ്രധാന ഗ്രഹങ്ങള്‍ രാശി മാറുന്നുണ്ടെങ്കിലും ആദ്യം മാറ്റം സംഭവിക്കുന്നത് ബുധഗ്രഹത്തിനാണ്. ബുധന്‍ ജൂണ്‍ 7 ന് മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. സര്‍വ്വ ഐശ്വര്യത്തിന്റെയും നാഥനായ ബുധമാറ്റം ചില രാശിക്കാര്‍ക്ക് വളരെയധികം ഗുണപ്രദമാണ്. മുഴുവന്‍ രാശിക്കാരുടേയും പൊതുഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ഈ രാശിക്കാര്‍ക്ക് വാരം പൊതുവെ ഗുണദോഷസമ്മിശ്രമായിരിക്കും. ധനപരമായി ബുദ്ധിമുട്ട് ഉണ്ടാകില്ലെങ്കിലും യാത്രാക്ലേശവും ഉദരവൈഷമ്യവും ഉണ്ടാകുന്നതിനോടൊപ്പം ബന്ധുമിത്രാദികളില്‍ നിന്ന് ശത്രുതയ്ക്കും അധികാരികളില്‍ നിന്ന് അനിഷ്ടത്തിനും പാത്രമാകാം. വാക്കുതര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നത് നന്നായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

മെച്ചപ്പെട്ട ഒരു വാരമായിരിക്കും ഇവര്‍ക്ക്. ധനലബ്ധിയും സന്തോഷവും ഉണ്ടാകും. മുടങ്ങിക്കിടന്ന പലകാര്യങ്ങളും അനുകൂലമായി വന്നുചേരും. യാത്രകള്‍ ഗുണംചെയ്യും. ബന്ധുസമാഗവും ഇഷ്ടഭക്ഷണ സമൃദ്ധിയും ഉണ്ടാകുന്നതിനോടൊപ്പം സല്‍കീര്‍ത്തിയും വന്നുചേരും. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും യോഗം ഉള്ളതായി കാണുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായ ഫലങ്ങള്‍ ആണ് കാണുന്നത്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മേലധികാരികളുടെ അംഗീകാരത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയങ്ങളില്‍ പഠനം ആരംഭിക്കുന്നതിനും അവസരമുണ്ടാകും. വാഹന ഉപയോഗം സൂക്ഷിച്ചുവേണം നടത്താന്‍. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിച്ച് വേണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കഷ്ടത നിറഞ്ഞ ഒരു വാരമാണ് ഇവര്‍ക്ക് വന്നു ചേരുന്നത്. ബന്ധുകലഹവും ശത്രുതയും വന്നു ചേരാം. ദമ്പതികള്‍ തമ്മില്‍ അകലുന്നതിനും വാക്കുതര്‍ക്കത്തിനും ഇടവരാം. സംഭാഷണത്തിലും കൊടുക്കല്‍ വാങ്ങലുകള്‍ക്കും ശ്രദ്ധ ചെലുത്തിയാല്‍ നേരിടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാം. ധനഇടപാടുകള്‍ വളരെ ശ്രദ്ധിച്ചുമാത്രമേ നടത്താവൂ.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ആഴ്ചയുടെ ആദ്യം കുറച്ചുപ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും അത് കഴിയുന്നതോടുകൂടി അനുകൂലമായി വരാം. ദീര്‍ഘദൂരയാത്രക്കും ആഡംബരങ്ങള്‍ക്കും ധനം ചിലവഴിക്കും. മംഗളകാര്യങ്ങള്‍ക്ക് പങ്കെടുക്കുന്നതിനോടൊപ്പം കുടുംബത്തില്‍ നല്ല കാര്യങ്ങള്‍ക്കായി തുടക്കം കുറിച്ചേക്കാം. വിവാഹം പോലുള്ള കാര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വളരെ അനുകൂലമായ ഒരാഴ്ചയാണ് ഇവര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയത്തില്‍ പഠനം ആരംഭിക്കുന്നതിനും, ദൂരെ സ്ഥലങ്ങളില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനും അവസരം വന്നുചേരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ഇഷ്ടഭക്ഷണ സമൃദ്ധിക്കും ബന്ധുസമാഗമത്തിനും ഇടയുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

അപ്രതീക്ഷിത ഭാഗ്യം ഈ ആഴ്ച ഇവരെ തേടിയെത്തിയേക്കാം. കാലങ്ങളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ അനുകൂലമായി വന്നുചേരും. കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നുചേരുമെങ്കിലും നിങ്ങള്‍ക്ക് അവയെല്ലാം പരിഹരിക്കാന്‍ കഴിയും. ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കണമെന്നില്ല. അതിനാല്‍, നിങ്ങളുടെ പങ്കാളിയുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കട്ട)

മാനസികമായി വെല്ലുവിളി നേരിടുന്ന ഒരാഴ്ചയാണ് ഇവര്‍ക്ക്. വ്യവഹാരങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടേക്കാം. പുതിയ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടേക്കാം. കൊടുക്കല്‍ വാങ്ങലുകള്‍ സാമ്പത്തിക ഇടപാടുകള്‍ എന്നിവ നടത്തുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരാഴ്ചയാണ്. വാഹന ഉപയോഗവും ദീര്‍ഘദൂര യാത്രയും പരമാവധി ഒഴിവാക്കേണ്ടതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാതെ നോക്കണം. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയ്ക്കും കലഹത്തിനും ഇടവന്നേക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ദാനകര്‍മ്മാദികള്‍ നടത്തുന്നതിനും വന്നുചേരുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വളരെയധികം ഗുണങ്ങള്‍ വന്നുചേരുന്ന ഒരാഴ്ചയാണ് ഈ രാശിക്കാര്‍ക്ക്. ധനലാഭത്തിനും കാലങ്ങളായി മുടങ്ങികിടന്ന വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ അനുകൂലമായി പരിണമിക്കുന്നതിനും അവസരമുണ്ടാകും. വസ്തുസമ്പാദനത്തിനും ഇഷ്ടവാഹന ലഭ്യതയ്ക്കും ഇടവരാം. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ക്ക് അവസരമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ധനപരമായും മാനസികമായും ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ പെട്ടെന്ന് നിലനില്‍ക്കുന്ന സ്ഥിതി വന്നുചേരാം. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടനല്‍കരുത്. മാനസികമായ സമചിത്തത കൈവെടിയാതിരിക്കുന്നത് നേരിടാവുന്ന ദോഷങ്ങളെ ലഘുകരിക്കുന്നതിന് സഹായമാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ഒരു വാരമായിരിക്കും ഇവര്‍ക്ക്. മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനും ഇഷ്ടഭക്ഷണസമൃദ്ധിക്കും അവസരം വന്നുചേരാം. അനാവശ്യ വാഹനയാത്രകള്‍ ഒഴിവാക്കിയും അനാവശ്യധനവ്യയം ഒഴിവാക്കിയും നിങ്ങളുടെ ഈ ആഴ്ച വളരെയധികം മെച്ചപ്പെട്ടതാക്കി മാറ്റം .

(ജ്യോതിഷഭൂഷണം രമേശ് സദാശിവന്‍: 8547014299)

 

 

Astro astrology temple prayer varabhalam