വരുന്നു മാരുതിയുടെ ഇലക്ട്രിക് കോപ്റ്ററുകള്‍

കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതും ഡ്രോണുകളേക്കാള്‍ വലുപ്പമുള്ളതുമായ, പൈലറ്റടക്കം മൂന്നുപേരെ വഹിക്കാന്‍ ശേഷിയുള്ള വൈദ്യുത കോപ്റ്ററുകളാണ് ലക്ഷ്യം.

author-image
anu
New Update
വരുന്നു മാരുതിയുടെ ഇലക്ട്രിക് കോപ്റ്ററുകള്‍

 

ന്യൂഡല്‍ഹി: കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതും ഡ്രോണുകളേക്കാള്‍ വലുപ്പമുള്ളതുമായ, പൈലറ്റടക്കം മൂന്നുപേരെ വഹിക്കാന്‍ ശേഷിയുള്ള വൈദ്യുത കോപ്റ്ററുകളാണ് ലക്ഷ്യം. കോപ്റ്ററുകള്‍ കെട്ടിടങ്ങളുടെ മുകളില്‍ ഇറക്കാനാകും. പുതിയ മൊബിലിറ്റി സംവിധാനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാരുതി സുസുക്കിയുടെ ഈ നീക്കം.

2018ല്‍ ജപ്പാനില്‍ പറക്കുന്ന കാര്‍ സങ്കല്പവുമായി തുടങ്ങിയ സ്‌കൈഡ്രൈവ് കമ്പനിയുമായി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ സഹകരിക്കുന്നുണ്ട്. ജപ്പാനിലും അമേരിക്കയിലും വൈദ്യുത കോപ്റ്ററുകള്‍ അവതരിപ്പിക്കാനാണ് ഇരുകമ്പനികളും ധാരണയുള്ളത്. രണ്ടാം ഘട്ടത്തില്‍ ഇത്തരം ഇലക്ട്രിക് കോപ്റ്ററുകള്‍ ഇന്ത്യയിലും എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് ഇത്തരം സംവിധാനം വഴിയൊരുക്കുമെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

ജപ്പാനിലെ ഇവാട സിറ്റിയിലുള്ള പ്ലാന്റില്‍ 2024-ല്‍ ഉത്പാദനം തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഗുജറാത്തില്‍ സ്‌കൈഡ്രൈവിന്റെ പ്രവര്‍ത്തനം നടപ്പാക്കുന്നതിന് ജനുവരിയില്‍ കമ്പനി സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. 2025-ല്‍ ജപ്പാനില്‍ നടക്കുന്ന ഒസാക്ക എക്സ്പോയില്‍ സ്‌കൈഡ്രൈവ് എന്ന പേരില്‍ ഇലക്ട്രിക് എയര്‍ കോപ്റ്ററുകള്‍ അവതരിപ്പിക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി സുസുക്കി മേധാവി അറിയിച്ചു.

ഈ സാങ്കേതികവിദ്യ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് കോപ്റ്ററുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് സഹകരിക്കുന്ന പങ്കാളികളെയും ഉപയോക്താക്കളെയും കുറിച്ച് പഠിക്കുന്നതിനായി മാരുതി സുസുക്കി ഇന്ത്യയില്‍ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

automobile Latest News