By Greeshma Rakesh.28 05 2023
അടുത്ത രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ യമഹയുടെ വൈദ്യുത ഇരുചക്രവാഹനം ഇന്ത്യയിലെത്തുമെന്ന് യമഹ ഇന്ത്യ സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിങ്. ഇതിനോടകം വിവിധ കമ്പനികള്‍ ഈ രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ യമഹയ്ക്കും ഇതില്‍നിന്ന് വിട്ടുനില്‍ക്കാനാവില്ല. ജപ്പാനിലെ കമ്പനിയിലെ വിദഗ്ധര്‍ ഇതിനുള്ള ഗവേഷണമാരംഭിച്ചിട്ടുണ്ട്.
ഈ രംഗത്ത് പ്രവേശിക്കും മുമ്പ് ശ്രദ്ധവെക്കേണ്ട വിഭാഗങ്ങളായ വില, സുരക്ഷ, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കേണ്ടതുണ്ട്. വൈദ്യുത വാഹന രംഗത്തിന്റെ മാറ്റങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണ് ഞങ്ങളിപ്പോള്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ യമഹയുടെ വൈദ്യുത ഇരുചക്ര വാഹനം ഇന്ത്യയില്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യമഹയുടെ മുന്നേറ്റം എങ്ങനെ കാണുന്നു ?
കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ യമഹയുടെ സ്ഥാനം മുന്നില്‍ തന്നെയാണ്. പ്രീമിയം സ്‌പോര്‍ട്ടിനെസും പെര്‍ഫോമന്‍സും തന്നെയാണിതിനു കാരണം. അതുകൊണ്ട് കേരളം യമഹയുടെ മികച്ച വിപണിയാണ്. കേരളത്തിലെ ഡീലക്സ് ബൈക്ക് വിപണിയില്‍ 27 ശതമാനം വിഹിതമാണ് യമഹയ്ക്കുള്ളത്. പ്രീമിയം വിഭാഗത്തിലാകട്ടെ ഇത് 14 ശതമാനമാണ്. സ്‌പോര്‍ട്ടി മോഡലുകളില്‍ 9.2 ശതമാനവുമുണ്ട്.
കേരളത്തില്‍ മൊത്തം വിപണി വിഹിതം പത്തുശതമാനമാണ്. പ്രീമിയം വിഭാഗത്തില്‍ യമഹയ്ക്ക് വന്‍ സാധ്യതയാണ് ഇവിടെയുള്ളത്. ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി സി.ഒ.ടി.ബി. വീക്കെന്‍ഡ്, ബ്ലൂ സ്ട്രീക്സ് റൈഡ്, ഓവര്‍നൈറ്റ് ടൂറിങ് തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ആഗോള റേസിങ് മേഖലയിലെ യമഹയുടെ സ്ഥാനമറിയിക്കാനായി ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളും ആരംഭിച്ചിട്ടുണ്ട്.
ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകളെക്കുറിച്ച് വിശദീകരിക്കാമോ?
യമഹയുടെ പ്രൗഢമായ ചരിത്രവും റേസിങ് രംഗത്തെ മേല്‍ക്കോയ്മയും ഉപഭോക്താവിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുറന്നിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലാകെ 180 ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടുണ്ട്. ഈ വര്‍ഷമവസാനത്തോടെ 120 എണ്ണം കൂടി തുറക്കും. കേരളത്തില്‍ ഇപ്പോഴുള്ളത് എട്ടെണ്ണമാണ്. ഈ വര്‍ഷാവസാനത്തോടെ ഇത് ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഏറെ ആരാധകരുള്ള ആര്‍3, ആര്‍7, എം.ടി.09, എം.ടി.07 എന്നീ ബൈക്കുകള്‍ ഇന്ത്യയിലേക്കുണ്ടാവുമോ?
പടിപടിയായുള്ള നീക്കത്തിനാണ് കമ്പനി ശ്രമിക്കുന്നത്. ആദ്യം 300 സി.സി. ബൈക്കായിരിക്കും ഇവിടെ കൊണ്ടുവരുന്നത്. വിപണി പഠിച്ച ശേഷമായിരിക്കും ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
സെപ്റ്റംബറില്‍ നടക്കുന്ന ഇന്ത്യന്‍ 'ഗ്രാന്‍പ്രീ'യില്‍ യമഹയുടെ പദ്ധതിയെന്താണ്?
റേസിങ് രംഗത്തുള്ള യമഹയുടെ ഇതിഹാസം ഇന്ത്യന്‍ യുവതയ്ക്ക് തിരിച്ചറിയാനുള്ള അവസരമാണ് മോട്ടോ ജിപിയില്‍ ലഭിക്കുക. ഇതിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.