By santhisenanhs.20 09 2022
മലയാളത്തിലെ യുവനായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് നടൻ ആസിഫ് അലി. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് ഒടുവിൽ റിലീസിനെത്തിയ ആസിഫ് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
അതിനിടയിൽ, പുതിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ആസിഫ്. ലാൻഡ് ലോവർ ഡിഫെൻഡർ ആണ് ആസിഫ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവറിന്റെ ആഢംബര ഓഫ്-റോഡർ എസ്‌യുവി ആണിത്. 1.35 കോടിയ്ക്ക് മുകളിലാണ് ഈ കാറിന്റെ ഓൺറോഡ് പ്രൈസ്.
മൂന്നു ലീറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്‍യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 7 സെക്കൻഡിലെത്തും. 191 കിലോമീറ്ററാണ് വാഹനത്തിന്‍റെ ഉയർന്ന വേഗം
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. പതിറ്റാണ്ടുകളായി നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങി. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം 2019-ല്‍ ആഗോള വിപണിയില്‍ വീണ്ടും വാഹനം തിരികെ എത്തി. മുമ്പ് കരുത്തായിരുന്നു ഡിഫന്‍ഡറിന്റെ മുഖമുദ്രയെങ്കില്‍ രണ്ടാം വരവില്‍ കരുത്തിനൊപ്പം മികച്ച സാങ്കേതികവിദ്യയുടെയും അകമ്പടിയിലാണ് ഈ വാഹനം എത്തിയത്. ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡറിന്റെ രണ്ട് പതിപ്പുകളും ഒരുങ്ങിയിട്ടുള്ളത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ പതിപ്പുകളിലായി ബെയ്സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ വാഹനം പുറത്തിറങ്ങിയിട്ടുള്ളത്.
5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. വാഹന ഭാഗങ്ങൾ വിദേശത്ത് തന്നെയാണ് നിർമ്മിക്കപെട്ടത്.2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡറിനുള്ളത്. 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഇതിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഓവർ ദി എയർ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ നാല് സ്പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ ഫീച്ചറുകളുമുണ്ട് വാഹനത്തിന്.