
തിരുവനന്തപുരം ; ഇരുചക്ര വാഹനങ്ങൾ പുതുതായി വാങ്ങുന്നവർ പറ്റിക്കപെടാതിരിക്കാനായി കേരളാപോലീസിന്റെ മുന്നറിയിപ്പ്. പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് ഡീലർമാർക്കെതിരെ ആർടിഒയ്ക്ക് പരാതിനൽകാവുന്നതാണ്. കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഇരുചക്രവാഹന ഉപഭോക്തക്കൾക്കുള്ള മുന്നറിയിപ്പ് പുറത്തുവിട്ടത്.
കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണെന്നും പോലീസ് പറയുന്നു. കൂടാതെ നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നൽകേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ യ്ക്കു പരാതി നൽകാവുന്നതാണ്.