By santhisenanhs.11 07 2022
ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന കടുവ എന്ന ചിത്രം വമ്പൻ ഹിറ്റായത് സംവിധായകൻ ആഘോഷിച്ചത് ഒരു മാസ് വാഹനം സ്വന്തമാക്കിയാണ്. വോൾവോയുടെ XC60 എന്ന എസ്.യു.വിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
സുരക്ഷ സംവിധാനങ്ങളാണ് വോൾവോ വാഹനങ്ങളുടെ ഏറ്റവും പ്രധാന ആകർഷണം. വോൾവോയുടെ വാഹന നിരയിൽ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായി എത്തിയിട്ടുള്ള മോഡലാണ് XC60 എസ്.യു.വി.
വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് പുറമെ, റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ വിപണിയിൽ എത്തിയിട്ടുള്ളത്.
ഡിസൈനിലും ഏറെ മികവോടെയാണ് വോൾവോ XC60 എത്തിയിട്ടുള്ളത്. വോൾവോയുടെ സിഗ്നേച്ചർ ഗ്രില്ല്, എൽ.ഇ.ഡിയിൽ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, ഹെഡ്‌ലൈറ്റിന് മധ്യത്തിലൂടെ നൽകിയിട്ടുള്ള ഡി.ആർ.എൽ, മസ്‌കുലർ ഭാവമുള്ള ബമ്പർ, ക്രോമിയം സ്ട്രിപ്പ് നൽകിയിട്ടുള്ള ബമ്പർ ലോവർ ലിപ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്. വാഹനത്തിന്റെ അകത്തളവും സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകൾ ഉൾപ്പെടെ സമ്പന്നമാണ്.
മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള 2.4 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 250 ബി.എച്ച്.പി. പവറും 350 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്. 66 ലക്ഷം രൂപയിലാണ് വോൾവോ XC60-യുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.