By Shyma Mohan.14 12 2022
ലക്ഷ്വറി കാറുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന ഇന്ത്യന്‍ വിപണിയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയ ആഗോള നിര്‍മ്മാതാക്കളാണ് മക്‌ലാറന്‍. മക്‌ലാറന്റെ ഏറ്റവും വിലയേറിയ കാര്‍ ഇന്ത്യയിലെത്തി. ലംബോര്‍ഗിനി, ആസ്റ്റന്‍ മാര്‍ട്ടിന്‍, ഫെരാരി എന്നിവയെല്ലാം സാധാരണ കാഴ്ചയായി മാറിയ ഇന്ത്യന്‍ നിരത്തിലെ ഏറ്റവും വിലയേറിയ സൂപ്പര്‍കാര്‍ ഇനി ഹൈദരാബാദിന് സ്വന്തം.
12 കോടി വിലമതിക്കുന്ന മക്‌ലാറന്‍ 765 എല്‍ടി സ്‌പൈഡറാണ് ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നസീര്‍ ഖാന്‍ സ്വന്തമാക്കിയത്. മക്‌ലാറന്‍ അവരുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ചടങ്ങുകളുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച 765 എല്‍ടി സ്‌പൈഡറാണിത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വാഹനം ഉടമയ്ക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പനയ്‌ക്കെത്തുന്ന വില കൂടിയ സൂപ്പര്‍കാറുകളില്‍ ഒന്നാണ് 765 എല്‍ടി സ്‌പൈഡര്‍.
വാഹനം വാങ്ങിയ നസീര്‍ ഖാന്‍ വാഹനത്തിന്റെ ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എംഎസ്ഒ വോള്‍കാനോ റെഡ് നിറത്തിലുള്ള സൂപ്പര്‍കാറാണിത്. 765 എല്‍ടി സ്‌പൈഡറിന്റെ ഇന്ത്യയിലെ ആദ്യ ഉടമയെന്ന ഖ്യാതിയും ഇതോടെ നസീര്‍ ഖാന്‍ നേടി.