By Shyma Mohan.09 01 2023
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വാഹന വില്‍പനയില്‍ ഇന്ത്യ ആദ്യമായി ജപ്പാനെ മറികടന്ന് മൂന്നാമതെത്തി. ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യ മാറി.
രാജ്യത്തെ പുതിയ വാഹനങ്ങളുടെ വില്‍പന കുറഞ്ഞത് 4.25 ദശലക്ഷം യൂണിറ്റുകളായിരുന്നെങ്കില്‍ ജപ്പാനില്‍ വിറ്റത് 4.2 ദശലക്ഷത്തിന് മുകളിലാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ കണക്കനുസരിച്ച്, 2022 ജനുവരിക്കും നവംബറിനും ഇടയില്‍ ഇന്ത്യയില്‍ പുതിയ വാഹനം ഡെലിവറി ചെയ്തത് 4.13 ദശലക്ഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി റിപ്പോര്‍ട്ട് ചെയ്ത ഡിസംബറിലെ വില്‍പന കൂടി ചേര്‍ത്താല്‍ ഇത് ഏകദേശം 4.25 ദശലക്ഷം യൂണിറ്റിലെത്തി.
2021ല്‍ 26.27 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച ചൈന ആഗോള വാഹന വിപണിയില്‍ മുന്നില്‍ തുടരുന്നു. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.