ഓട്ടോ എക്‌സ്‌പോയ്ക്ക് വര്‍ണാഭമായ തുടക്കം

By Shyma Mohan.11 01 2023

imran-azhar

 

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് മൂന്നുവര്‍ഷം മുടങ്ങിയ പുതിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ടോ എക്‌സ്‌പോയ്ക്ക് ഡല്‍ഹിയില്‍ വര്‍ണാഭമായ തുടക്കം. മാരുതി ഇവിഎക്‌സ് എന്ന കോഡ് നെയിമില്‍ നിര്‍മ്മിക്കുന്ന എസ്‌യുവി അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് വാഹന രംഗത്ത് ചുവടുറപ്പിച്ചു. ഹ്യൂണ്ടായ് ഏറ്റവും പുതിയ ഇലക്ട്രിക് കാറായ അയോണിക് അഞ്ച് പുറത്തിറക്കി.

 

കാര്‍ വില്‍പന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്താണെങ്കിലും ഇലക്ട്രിക് വാഹന വിപണിയില്‍ നാളിതുവരെ മാരുതിക്ക് സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ ഇലക്ട്രിക് വാഹന വിപണിയുടെ 84 ശതമാനവും കയ്യാളുന്നത് ടാറ്റാ മോട്ടേഴ്‌സാണ്. ഈ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹന രംഗത്തും വെല്ലുവിളി സൃഷ്ടിക്കുമെന്ന സൂചന നല്‍കിയാണ് പുതിയ മിഡ് സൈസ് എസ്‌യുവി മാരുതി അവതരിപ്പിച്ചത്.

 

2025ഓടെ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. 60 കിലോ വാട്ട് ബാറ്ററി ഒരുതവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാന്‍ കഴിയും വിധമാണ് സാങ്കേതിക വിദ്യ ഒരുക്കുന്നത്.

 

പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഹ്യൂണ്ടായിയുടെ പുതിയ ഇലക്ട്രിക് കാര്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. 44.95 ലക്ഷമാണ് അയോണിക് അഞ്ചിന്റെ അടിസ്ഥാന വില. ഒറ്റച്ചാര്‍ജില്‍ 613 കിലോമീറ്റര്‍ വാഹനം സഞ്ചരിക്കും. ബിയോണ്‍ഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യൂണ്ടായ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയോണിക് അഞ്ച്.

 

ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് അയോണിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ മുന്‍ഭാഗവും അലോയ് വീലുകളും പിന്‍ഭാഗവുമുണ്ട് കാറിന്. ജനുവരി 18 വരെയാണ് എക്‌സ്‌പോ.

 

OTHER SECTIONS