അവസാന പ്രീമിയര്‍ പദ്മിനിയും മുംബൈ നഗരത്തോട് വിടപറയും

By web desk .29 10 2023

imran-azhar

 


മുംബൈ: മുംബൈയിലെ കറുപ്പും മഞ്ഞയും നിറമുള്ള കാലി- പീലി ടാക്‌സികളിലെ അവസാന പ്രീമിയര്‍ പദ്മിനി കാര്‍ തിങ്കളാഴ്ച മുതല്‍ ഓട്ടം നിര്‍ത്തും.

 

പ്രീമിയര്‍ പദ്മിനിയുടെ പതിറ്റാണ്ടുകള്‍ നീണ്ട യുഗത്തിനാണ് ഇതോടെ വിരാമമായത്. 2003 ഒക്ടോബര്‍ 29 ന് ടാക്‌സിയായി റെജിസ്റ്റര്‍ ചെയ്ത കാര്‍ ആണ് ഓട്ടം നിര്‍ത്തുന്നത്.

 

ഗതാഗത വകുപ്പ് ടാക്‌സി കാറുകള്‍ക്ക് 20 വര്‍ഷമാണ് ആയുസ് നിശ്ചയിച്ചിരുന്നത്. ഇതോടെ പലപ്പോഴായി പ്രീമിയര്‍ പദ്മിനി കാര്‍ നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

 

സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യതക്കുറവും ഇതിന് കാരണമായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 63,200 പ്രീമിയര്‍ പദ്മിനി കാറുകളാണ് മുംബൈ നഗരത്തില്‍ സര്‍വീസ് നടത്തിയിരുന്നത്.

 

എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യാത്ര ചെയ്യാന്‍ ആവശ്യമായ വാഹനങ്ങള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന ആപ്പുകളും രംഗത്തെത്തിയത് ഈ കാറുകള്‍ക്ക് തിരിച്ചടിയായി.

 

പ്രീമിയര്‍ പദ്മിനിയുടെ ഒരു കാലാപീലിയെങ്കിലും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ടാക്‌സിമെന്‍സ് യൂണിയന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

 

1970 കളില്‍ ഈ മോഡല്‍ പ്രീമിയന്‍ പ്രസിഡന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് പ്രീമിയര്‍ പദ്മിനിയെന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.

 

 

 

OTHER SECTIONS