By santhisenanhs.31 08 2022
ഇലക്ട്രിക് വാഹനങ്ങളില്‍ ചുവടുറപ്പിക്കാന്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയും തയാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗോള തലത്തില്‍ അടുത്തിടെ സ്‌കോഡ എന്‍യാക് ഇ.വി. റേഞ്ച് എത്തിക്കുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു.
ഏഴ് സീറ്ററിലെ ഇലക്ട്രിക് വാഹനം എന്ന സ്‌കോഡയുടെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായി ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കളായ സ്‌കോഡ. വിഷന്‍ 7എസ് എന്ന പേരിലാണ് ഇലക്ട്രിക് സെവന്‍ സീറ്റര്‍ മോഡലിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
2026-ഓടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയെന്ന സ്‌കോഡയുടെ പദ്ധതിയുടെ ഭാഗമായാണ് സീറോ എമിഷന്‍ സെവന്‍ സീറ്റര്‍ എസ്.യു.വി. കണ്‍സെപ്റ്റ് എത്തിച്ചിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 6+1 ലേഔട്ടിലാണ് കണ്‍സെപ്റ്റ് മോഡലിലെ സീറ്റിങ്ങ് ഒരുക്കിയിരിക്കുന്നത്. സീറ്റുകളുടെ മധ്യത്തിലായാണ് ചൈല്‍ഡ് സീറ്റിന്റെ സ്ഥാനം.
ഒലിവര്‍ സ്‌റ്റെഫാനിയുടെ നേതൃത്വത്തിലുള്ള ടീം വികസിപ്പിച്ചെടുത്ത ഡിസൈന്‍ ഫിലോസഫിയിലാണ് വിഷന്‍ 7എസ് കണ്‍സെപ്റ്റ് ഒരുങ്ങിയിട്ടുള്ളത്. സ്‌കോഡയുടെ പരമ്പരാഗത ഗ്രില്ലിന് പകരം ടെക് ഡെക്ക് എന്ന പേര് നല്‍കിയിട്ടുള്ള പിയാനോ ബ്ലാക്ക് പ്ലാസ്റ്റിക്കാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഡ്രൈവിങ്ങ് അസിസ്റ്റന്‍സിനുള്ള സെന്‍സറുകളും മറ്റും ഇതില്‍ നല്‍കിയിട്ടുള്ളതിനാലാണ് ഇതിന് ടെക് ഡെക്ക് എന്ന പേര് നല്‍കിയിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍.
ബ്ലാക്ക് ആക്‌സെന്റുകള്‍ക്കൊപ്പം നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, വെര്‍ട്ടിക്കിള്‍ സ്ട്രിപ്പിന് സമാനമായ ഹെഡ്‌ലാമ്പ്, പരമ്പരാഗത ലോഗോയിക്ക് പകരം സ്‌കോഡ എന്ന് ബോണറ്റില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഇത് സ്‌കോഡയുടെ പുതിയ ലോഗോ ആയിരിക്കാമെന്നാണ് വിലയിരുത്തല്‍. സ്‌റ്റൈലിഷ് ഡിസൈനിലുള്ള ബമ്പറും സ്‌കിഡ് പ്ലേറ്റും ഇതില്‍ നല്‍കിയിട്ടുണ്ട്. പിന്‍ഭാഗം ആഡംബര വാഹനങ്ങള്‍ക്ക് സമാനമാണ്. മുന്‍വശത്തേതിന് സമാനമായ ബമ്പറും എല്‍.ഇ.ഡി. ടെയ്ല്‍ ലാമ്പുമാണ് മുഖ്യ ആകര്‍ഷണം.
ടാറ്റ അവിന്യ കണ്‍സെപ്റ്റിന് സമാനമാണ് ഈ വാഹനത്തിലേയും ഇന്റീരിയര്‍. 14.6 ഇഞ്ച് വലിപ്പമുള്ള വലിയ ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ കണ്‍സോളിലുള്ളത്. ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് പോലുള്ളവ ഡ്രൈവറിന്റെ കൈയകലത്തിലേക്ക് സ്ഥാനം മാറ്റിയിട്ടുണ്ട്. അവിന്യയില്‍ നല്‍കിയിട്ടുള്ളത് പോലുള്ള സ്റ്റിയറിങ്ങ് വീലാണ് വിഷന്‍ 7 എസിലും. ഇതിന് മധ്യത്തില്‍ സ്‌കോഡ ബാഡ്ജിങ്ങുമുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും കണ്‍സെപ്റ്റില്‍ കാണാം.
റേഞ്ചാണ് ഇലക്ട്രിക് കാറുകളുടെ മുഖ്യ ആകര്‍ഷണം. ഇതിനാല്‍ തന്നെ ഒന്നിലധികം പവര്‍ ട്രെയിനുകളുമായാണ് ഈ വാഹനം എത്തുക. എന്നാല്‍, ഇപ്പോള്‍ എത്തിയിട്ടുള്ള കണ്‍സെപ്റ്റില്‍ 89 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 595 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് നിര്‍മാതാക്കളുടെ വാദം. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മറ്റ് ഇ.വികള്‍ പോലെ എം.ഇ.ബി. ആര്‍കിടെക്ചറിലാണ് ഈ വാഹനവും ഒരുങ്ങുന്നത്.