
ന്യൂഡല്‍ഹി: ബിഎംഡബ്ല്യു എക്സ്7, എക്സ്4 എസ്യുവികള്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും. മറ്റ് മോഡലുകള്‍ക്കൊപ്പം ചെന്നൈ പ്ലാന്റിലായിരിക്കും ഇരു എസ്യുവികളുടെയും വാഹനഘടകങ്ങളും പാര്‍ട്സുകളും കൂട്ടിയോജിപ്പിക്കുന്നത്. ബിഎംഡബ്ല്യു എക്സ്7 ഈ മാസം 31 നാണ് ഇന്ത്യയില്‍ പുറത്തിറക്കുന്നതെങ്കില്‍ എക്സ്4 എസ്യുവി ഫെബ്രുവരി 7 ന് വിപണിയില്‍ അവതരിപ്പിക്കും. ബവേറിയന്‍ കാര്‍ നിര്‍മ്മാതാക്കളുടെ പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവിയാണ് എക്സ്7.
ബിഎംഡബ്ല്യുവിന്റെ ഇന്ത്യാ വെബ്സൈറ്റില്‍ എക്സ്7 എസ്യുവി ഈയിടെ ലിസ്റ്റ് ചെയ്തിരുന്നു. ബിഎംഡബ്ല്യു എക്സ്7 എം50ഡി എന്ന ടോപ് വേരിയന്റാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍ എക്സ്ഡ്രൈവ് 40ഐ, എക്സ്ഡ്രൈവ് 30ഡി വേരിയന്റുകളിലും ബിഎംഡബ്ല്യു എക്സ്7 ലഭിക്കും. മൂന്നുനിര സീറ്റുകള്‍ ലഭിച്ച ആദ്യ ബിഎംഡബ്ല്യു വാഹനമാണ് എക്സ്7.
ബിഎംഡബ്ല്യു 7 സീരീസ് എം30ഡി ഉപയോഗിക്കുന്ന എന്‍ജിനാണ് എക്സ്7 എം50ഡി വേരിയന്റില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ട്യൂണ്‍ വ്യത്യസ്തമാണ്. 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ മോട്ടോര്‍ എക്സ്7 എസ്യുവിയില്‍ 400 ബിഎച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ബിഎംഡബ്ല്യു എക്സ്ഡ്രൈവ് എഡബ്ല്യുഡി (ഓള്‍ വീല്‍ ഡ്രൈവ്) സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.
5,151 എംഎം നീളവും 2,000 എംഎം വീതിയും 1,805 എംഎം ഉയരവും വരുന്നതാണ് ബിഎംഡബ്ല്യു എക്സ്7. 3,105 മില്ലി മീറ്ററാണ് വീല്‍ബേസ്. റേഞ്ച് റോവര്‍, മെഴസിഡസ് ജിഎല്‍എസ് എന്നിവയാണ് ബിഎംഡബ്ല്യു എക്സ്7 എസ്യുവിയുടെ എതിരാളികള്‍.