By Lekshmi.24 03 2023
സ്‌പോർട്‌സ് ഉൽപ്പന്ന ബ്രാൻഡുകളിലൊന്നായ ഡെക്കാത്ലൺ പുത്തൻ ഇ.വി സൈക്കിൾ അവതരിപ്പിച്ചു.റോക്‌റൈഡർ ഇ-എസ്.ടി100 എന്നാണ് പേരിട്ടിരിക്കുന്നത്.ആദ്യ ഘട്ടത്തിൽ ഇ-സൈക്കിളുകളുടെ 150 യൂനിറ്റുകൾ ബെംഗളൂരുവിലെ അനുഭവ, വൈറ്റ്ഫീൽഡ്, ബന്നാർഘട്ട റോഡ് എന്നീ മൂന്ന് സ്റ്റോറുകളിലായി ഡെക്കാത്ലൺ അവതരിപ്പിക്കും.
റോക്‌റൈഡർ ഇ-എസ്.ടി100 ഇലക്ട്രിക് സൈക്കിളിനായി 84,999 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരിക.ആദ്യ ഘട്ടത്തിൽ ഇ-സൈക്കിളുകൾ ബെംഗളൂരുവിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കും.ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സൈക്കിളാണിത്.
മാർച്ച് 25 മുതൽ മോഡൽ വിൽപ്പനയ്ക്ക് ലഭ്യമാകും.പെഡൽ അസിസ്റ്റഡ് ഇലക്ട്രിക് മൗണ്ടൻ സൈക്കിളിൽ ഉപഭോക്താക്കൾക്ക് 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാം.ഡിറ്റാച്ചബിൾ 380 Wh സാംസങ് ലിഥിയം-അയൺ സെൽ ബാറ്ററി പായ്ക്കാണ് സൈക്കിളിലുള്ളത്.42 Nm ടോർക് വികസിപ്പിക്കുന്ന 250W റിയർ ഹബ് മോട്ടോറും സജ്ജീകരിച്ചിട്ടുണ്ട്. ബാറ്ററി പായ്ക്ക് ആറ് മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യാനാകും.
സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ബാറ്ററി പായ്ക്കിൽ ഉപയോഗിക്കുന്ന സാംസങ് സെല്ലുകൾ BIS സർട്ടിഫൈഡ് ആണ്.മാത്രമല്ല, ഇ-എസ്.ടി100 ഇവിക്ക് പരമാവധി പവറിനും പരമാവധി കട്ട് ഓഫ് വേഗതയ്ക്കും ARAI സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.ഫ്രെയിമിന് ആജീവനാന്ത വാറണ്ടിയും ബാറ്ററി പായ്ക്കിന് 2 വർഷം അല്ലെങ്കിൽ 500 ചാർജിങ് സൈക്കിളുകളുടെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
റോക്റൈഡർ ഇ-എസ്.ടി100 മോഡലിന് ഇക്കോ, സ്റ്റാൻഡേർഡ്, ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് പെഡൽ അസിസ്റ്റ് മോഡുകൾ ലഭിക്കുന്നുണ്ട്. വ്യത്യസ്‌ത ഉയരമുള്ള റൈഡർമാർക്കായി മീഡിയം ലാർജ് എന്നിങ്ങനെ രണ്ട് ഫ്രെയിം സൈസുകളിലാണ് ഇ-എസ്.ടി100 ഇലക്‌ട്രിക് സൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത്.
6061 അലുമിനിയം ഹൈഡ്രോഫോംഡ് ട്യൂബുകൾ കൊണ്ടാണ് സൈക്കിളിന്റെ ഫ്രെയിം നിർമിച്ചിരിക്കുന്നത്.100 mm ട്രാവൽ, ടെക്‌ട്രോ മെക്കാനിക്കൽ ഡിസ്‌ക് ബ്രേക്കുകൾ, മൈക്രോഷിഫ്റ്റ് 1 x 8 സ്പീഡ് ഡ്രൈവ്‌ട്രെയിൻ എന്നിവയ്‌ക്കൊപ്പം സൺടൂർ XCT30 ഫോർക്ക് ഫ്രണ്ട് സസ്പെൻഷനും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.