/kalakaumudi/media/post_banners/258eaf8c20cccb4ff00048e270a8e127865c142d76bafa5526e92ffd71cd269d.jpg)
ഡുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ എല്ലാ ഡുകാറ്റി ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു. റെഡ് കളര്‍ സ്‌കീമിന് 19.99 ലക്ഷം രൂപയും സാന്‍ഡ് കളര്‍ സ്‌കീമിന് 20.23 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില. എന്‍ഡ്യുറോ 1200 മോട്ടോര്‍സൈക്കിളിന് പകരക്കാരനായാണ് 1260 എന്‍ഡ്യുറോ വരുന്നത്.
ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ (18.25 ലക്ഷം രൂപ), ട്രയംഫ് ടൈഗര്‍ 1200 എക്സ്സിഎക്സ് (17 ലക്ഷം രൂപ) എന്നിവയാണ് പ്രധാന എതിരാളികള്‍. ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റാന്‍ഡേഡ് മള്‍ട്ടിസ്ട്രാഡ 1260 മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്ന അതേ 1,262 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ് മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.
2016 ലാണ് മള്‍ട്ടിസ്ട്രാഡ എന്‍ഡ്യുറോ മോട്ടോര്‍സൈക്കിളുകള്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചത്. എന്‍ഡ്യുറോ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് 1260. 254 കിലോഗ്രാമാണ് ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് വെയ്റ്റ്.
സ്മാര്‍ട്ട്ഫോണും മോട്ടോര്‍സൈക്കിളിലെ 5.0 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും തമ്മില്‍ പെയര്‍ ചെയ്യാന്‍ സാധിക്കും. ട്യൂബ്ലെസ് പിറേലി സ്‌കോര്‍പിയോണ്‍ ട്രെയ്ല്‍ 2 ടയറുകളിലും വയര്‍ സ്പോക്ക് വീലുകളിലുമാണ് ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യുറോ വരുന്നത്. മുന്നില്‍ 19 ഇഞ്ച് (120/70) ചക്രവും പിന്നില്‍ 17 ഇഞ്ച് (170/60) ചക്രവും നല്‍കിയിരിക്കുന്നു.