ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 10 പൈസ, ബുക്കിങ്ങിന് 500 രൂപ;ഗംഭീര തിരിച്ചുവരവിനൊരുങ്ങി ലൂണ

By Anu.08 02 2024

imran-azhar

 

ന്യൂഡല്‍ഹി: വാഹന വിപണിയില്‍ വീണ്ടും വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ലൂണ. ഇത്തവണ ഇലക്ട്രിക് സ്‌കൂട്ടറായാണ് ലൂണ വാഹന വിപണിയില്‍ എത്തുക. ലൂണയുടെ ഇലക്ട്രിക്കിന്റെ വില കൈനറ്റിക് ഗ്രീന്‍ പ്രഖ്യാപിച്ചു. രണ്ടു മോഡലിലായി ലഭിക്കുന്ന ലൂണയുടെ എക്‌സ്1 വേരിയന്റിന് 69990 രൂപയും എക്‌സ്2 വേരിയന്റിന് 74990 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

 

1.7 kWh, 2 kWh, 3 kWh ബാറ്ററി പായ്ക്കുകളില്‍ ലൂണ ലഭിക്കും. ആദ്യ രണ്ടു ബാറ്ററി പായ്ക്കുകള്‍ക്കും 110 കിലോമീറ്ററും രണ്ടാമത്തെ ബാറ്ററി പായ്ക്കിന് 150 കിലോമീറ്ററുമാണ് റേഞ്ച്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ലൂണയ്ക്ക് 10 പൈസ മാത്രമേ ചെലവ് വരൂ എന്നാണ് കൈനറ്റിക് പറയുന്നത്.

 

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് സൈറ്റുകള്‍ വഴി വാഹനത്തിന്റെ പ്രീബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. 500 രൂപ അടച്ച് ബുക്കിങ്ങ് ചെയ്യാനാകും. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ-ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലില്‍ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം. 150 കിലോഗ്രാം വരെ ഭാരം വഹിച്ച് ലൂണയ്ക്ക് കുതിക്കാനാകും. ഉയര്‍ന്ന വേഗം 50 കിലോമീറ്റര്‍.

 

ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന്‍ സീറ്റുകള്‍. ഇത് ഇ ലൂണയെ എളുപ്പം ഇരുചക്ര 'ചരക്കു' വാഹനമാക്കാന്‍ സഹായിക്കുന്നു. ആകെ 96 കിലോഗ്രാം മാത്രമാണ് ഭാരം. 760എംഎം മാത്രം സീറ്റിന് ഉയരമുള്ള ഈ ചെറു വാഹനം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും.

 

OTHER SECTIONS