ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിടുന്നു

വില്‍പ്പന അവസാനിപ്പിച്ച ശേഷം ലാറ്റിന്‍ അമേരിക്ക, മെക്‌സിക്കോ തുടങ്ങി രാജ്യങ്ങളിലേക്കായിരിക്കും ഷെവര്‍ലെ കാറുകള്‍ കയറ്റി അയക്കുക. ഇനി തലേഗനിലെ പ്ലാന്റില്‍ മാത്രമായിരിക്കും ഷെവര്‍ലെ ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കുക

author-image
S R Krishnan
New Update
ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിടുന്നു

ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ അവരുടെ ഷെവര്‍ലെ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു. 2017 ഡിസംബറില്‍ ഷെവര്‍ലെയുടെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിക്കുമെന്ന് ജി എം വൃത്തങ്ങള്‍ ഔദ്യോഗികമായി വ്യക്തമാക്കി. വില്‍പ്പനയിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണി വിടാന്‍ ജി എം നെ നിര്‍ബന്ധമാക്കിയത്. നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഇന്ത്യയില്‍ ജനറല്‍ മോട്ടോര്‍സിന്റെ വിപണി വിഹിതം. വില്‍പ്പന അവസാനിപ്പിച്ച ശേഷം ലാറ്റിന്‍ അമേരിക്ക, മെക്‌സിക്കോ തുടങ്ങി രാജ്യങ്ങളിലേക്കായിരിക്കും ഷെവര്‍ലെ കാറുകള്‍ കയറ്റി അയക്കുക. ഇനി തലേഗനിലെ പ്ലാന്റില്‍ മാത്രമായിരിക്കും ഷെവര്‍ലെ ഇന്ത്യയില്‍ കാറുകള്‍ നിര്‍മ്മിക്കുക. ഏപ്രിലില്‍ ഗുജറാത്തിലെ ഹലോല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ജനറല്‍ മോട്ടോര്‍സ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തലേഗനില്‍ നിന്ന് വര്‍ഷം തോറും 1.3 ലക്ഷത്തോളം കാറുകള്‍ നിര്‍മിക്കാന്‍ സാധിക്കും. പൂണെയിലെ തലേഗന്‍ പ്ലാന്റില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റി അയക്കാനാണ് കമ്പനിയുടെ പദ്ധതി. 1995 ല്‍ ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങിയ ഷെവര്‍ലെ ശ്രേണിയില്‍ ബീറ്റ്, ടവേര, സ്പാര്‍ക്ക്, എന്‍ജോയ്,ഓപ്ട്ര മാഗ്നം, സെയില്‍ ഹാച്ച്ബാക്ക്, ക്രൂസ്, സെയില്‍ സെഡാന്‍, ട്രെയില്‍ബ്ലേസര്‍, കാപ്റ്റിവ എന്നിവയാണ് ഇതുവരെ പുറത്തിറങ്ങിയത്. ന്യൂ ബീറ്റ്, എസന്‍ഷ്യ മോഡലുകള്‍ അടുത്തിടെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ ഇനി ഇവ ഉത്പ്പാദനം തുടങ്ങിയാല്‍ തന്നെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് സാധ്യത. നിലവിലുള്ള ഷെവി വാഹനങ്ങളുടെ സര്‍വ്വീസ് സംബന്ധമായ ആവശ്യങ്ങള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നിലവിലെ സാഹചര്യത്തില്‍ ഷെവര്‍ലെ സര്‍വ്വീസ് തുടരാനാണ് സാധ്യത.

GM General motors Chevrolet india beat sail optra magnum captiva cruze spark kerala chevy