/kalakaumudi/media/post_banners/f53ac7439128a38e86684950c2942ae836b8cee5ad7e619b647e710a59f4a4a9.png)
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ പുതിയ മോഡലെത്തുന്നു. പുതിയ സ്വിഫ്റ്റിന്റെ സ്പൈ ചിത്രങ്ങളും ബ്രോഷറുകളുമിപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്. സ്വിഫ്റ്റിന്റെ ജാപ്പനീസ് പതിപ്പിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടുത്ത വർഷം എത്തുന്ന മോഡൽ സുസുക്കി മൈക്രോ ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മൈലേജ് കൂട്ടിയാകും എത്തുക. ഇതോടെ ഇന്ത്യൻ നിരത്തിൽ ഏറ്റവും അധികം മൈലേജ് അവകാശപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും. കോംപാക്ട് ശൈലി പൂർണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ൽ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ ഉൾപ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം.
ഹാച്ച്ബാക്കുകളോടു വിപണിക്കുള്ള പ്രതിപത്തിയുടെ പ്രതിഫലനമായാണു ‘ബലേനൊ’യുടെ വിജയത്തെ മാരുതി സുസുക്കി വിലയിരുത്തുന്നത്. ഇതുതന്നെയാണു ‘2017 സ്വിഫ്റ്റി’നും സമാന രൂപകൽപ്പന പിന്തുടരാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ഒപ്പം കോംപാക്ട് വാഹനമെന്ന മികവ് കൈവിട്ടു പോകാതിരിക്കാനും കമ്പനി പ്രത്യേക ശ്രദ്ധ പുലർത്തും. മികച്ച സ്പോർട്ടി ലുക്ക് നൽകുന്ന ഡിസൈനാണ് പുതിയ സ്വിഫ്റ്റിന്. പുത്തൻ ‘സ്വിഫ്റ്റി’നു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാമോളം ഭാരം കുറവാകും. ഇതോടെ കാഴ്ചയിൽ മാത്രമല്ല, പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ ‘സ്വിഫ്റ്റ്’ മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാവും.
പൂർണമായും പൊളിച്ചെഴുതിയ അകത്തളമായിരിക്കും പുതിയ കാറിന്. പ്രീമിയം ഇന്റീരിയറായിരിക്കും വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിപണിയിലെ പുത്തൻ മോഡലുകളോടു കിട പിടിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പ്രതീക്ഷിക്കാം. നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ കൂടാതെ 1.5 ലീറ്റർ ഡീസൽ, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോള്‍ എന്‍ജിനും എത്തിയേക്കാം. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനത്തിനുള്ള പുത്തൻ ‘സ്വിഫ്റ്റ്’ ഒക്ടോബറിൽ നടക്കുന്ന പാരിസ് ഓട്ടോ ഷോയിലാവും അരങ്ങേറ്റം കുറിക്കുക.