By priya.15 09 2022
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി 2023 Z900 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വാഹനം 8.93 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് എത്തുന്നത്. മോട്ടോര്‍സൈക്കിളിന് മെക്കാനിക്കല്‍ അപ്ഗ്രേഡുകളൊന്നും കിട്ടിയിട്ടില്ല. പകരമായി പുതിയ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകളുടെ രൂപത്തില്‍ കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളുണ്ട്. കാവസാക്കി രണ്ട് നിറങ്ങള്‍ക്കും ഒരേ വിലയാണ് ഈടാക്കുന്നത്.
പെയിന്റ് സ്‌കീം ചെയ്തിരിക്കുന്നത് Z900 ന്റെ ചില ഡിസൈന്‍ ഘടകങ്ങളെ പുതുമയുള്ളതാക്കുന്നുണ്ട്. ഫ്രെയിമും അലോയ് വീലുകളും തിരഞ്ഞടുക്കുന്ന വര്‍ണ്ണ സ്‌കീമിനെ ആശ്രയിച്ച് ചുവപ്പ് അല്ലെങ്കില്‍ പച്ച നിറത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. മുന്‍വശത്തായി ഒരു അഗ്രസീവ് എല്‍ഇഡി ഹെഡ്ലാമ്പ് ഉണ്ട്. ആവരണങ്ങളുള്ള മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ്, Z ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയും ഉണ്ട്.
41 എംഎണ്‍ യുഎസ്ഡി ഫോര്‍ക്കുകള്‍ മുന്‍വശത്തും പിന്നില്‍ ഒരു മോണോ ഷോക്കും ആണ് സസ്‌പെന്‍ഷന്‍ ഡ്യൂട്ടി ചെയ്യുന്നത്.കവാസാക്കി ഉയര്‍ന്ന ടെന്‍സൈല്‍ സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ട്രെല്ലിസ് ഫ്രെയിം ആണ് ഉപയോഗിക്കുന്നത്. മുന്നില്‍ ഇരട്ട 300 എംഎം പെറ്റല്‍ ഡിസ്‌കുകളും പിന്നില്‍ 250 എംഎം പെറ്റല്‍ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്.
ലിക്വിഡ് കൂള്‍ഡ്, ബിഎസ്6 അനുസരിച്ചുള്ള 948 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് കവാസാക്കി Z 900 ന്റെ ഹൃദയം. ഇത് 9,500 rmp ല്‍ 123.6 bhp കരുത്തും 7,700 emp ല്‍ 98.6 nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സും സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ് ഡിസൈനുമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലാണെങ്കില്‍ ട്രാക്ഷന്‍ കണ്‍ട്രോളുമായാണ് Z 900 വരുന്നത്. ഇതിന് ലോ പവര്‍, ഫുള്‍ പവര്‍ എന്നിങ്ങനെ രണ്ട് പവര്‍ മോഡുകള്‍ ഉണ്ട്. ലോ പവര്‍ മോഡില്‍ ഔട്ട്പുട്ട് 55 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്പോര്‍ട്ട്, റോഡ്, റെയിന്‍, റൈഡര്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളുണ്ട്.
റൈഡര്‍ മോഡില്‍, യാത്രക്കാരന് തന്റെ ഇഷ്ടത്തിന് അനുസരിച്ച് മോട്ടോര്‍സൈക്കിള്‍ സജ്ജമാക്കാന്‍ കഴിയും. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു TFT സ്‌ക്രീന്‍ ഉണ്ട്, അത് സുപ്രധാന വിവരങ്ങള്‍ കാണിക്കുന്നു. ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു.