/kalakaumudi/media/post_banners/76c9f51d63b77222ba152a50d0e1085dab059f08855bf45223833b06c4619921.jpg)
ന്യൂഡല്‍ഹി : ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ പുതിയ ബേസ് വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഇന്‍ജീനിയം ഡീസല്‍ എന്‍ജിന്‍ വേരിയന്റാണ് പുറത്തിറക്കിയത്. ഈ മോട്ടോര്‍ 240 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അധിക ത്രസ്റ്റ് സമ്മാനിക്കുന്ന സീരീസ് സീക്വന്‍ഷ്യല്‍ ടര്‍ബോ സാങ്കേതികവിദ്യയോടെ വരുന്ന ആദ്യ ജെഎല്‍ആര്‍ എന്‍ജിനാണ് ഈ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍.
മറ്റ് എന്‍ജിന്‍ വേര്‍ഷനുകള്‍ ലഭിക്കുന്ന അതേ എസ്, എസ്ഇ, എച്ച്എസ്ഇ, എച്ച്എസ്ഇ ലക്ഷ്വറി എന്നീ വേരിയന്റുകളില്‍ പുതിയ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേര്‍ഷന്‍ ലഭിക്കും. 75.18 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്സ് ഷോറൂം വില. 340 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍, 258 എച്ച്പി പുറപ്പെടുവിക്കുന്ന 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളില്‍ നിലവില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ലഭ്യമാണ്.
7 സീറ്റ് പ്രീമിയം ലക്ഷ്വറി എസ്യുവിയുടെ 2.0, 3.0 ലിറ്റര്‍ എന്‍ജിന്‍ വേര്‍ഷനുകള്‍ ഒരേ ഫീച്ചറുകള്‍ പങ്കുവെയ്ക്കുന്നു. ഇലക്ട്രിക്കലി റിക്ലൈനിംഗ് സീറ്റുകള്‍, സ്പ്ലിറ്റ് ഫോള്‍ഡിംഗ് സീറ്റുകള്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് മൂന്നാം നിര സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, കാബിന്‍ എയര്‍ അയോണൈസേഷന്‍, 360 ഡിഗ്രി സറൗണ്ട് കാമറ, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, റിമോട്ട് ആന്‍ഡ് പ്രൊട്ടക്റ്റ് എന്നിവ സവിശേഷതകളാണ്.
അപ്രോച്ച് ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ മികച്ചതായതിനാല്‍ ബെസ്റ്റ് ഇന്‍ ക്ലാസ് ഓഫ് റോഡ് ശേഷി ലഭിച്ചിരിക്കുന്നു. 900 മില്ലി മീറ്ററാണ് വാട്ടര്‍ വേഡിംഗ് ഡെപ്ത്ത്. അതായത് ഇത്രയും ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുമ്പോഴും ലാന്‍ഡ് റോവര്‍ ഡിസ്‌കവറി കൂളായി കടന്നുപോകും. 3500 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയും. മെഴ്സേഡസ് ജിഎല്‍ഇ, ഔഡി ക്യു7, ബിഎംഡബ്ല്യു എക്സ്5 എന്നിവയാണ് ഇന്ത്യയിലെ എതിരാളികള്‍.