/kalakaumudi/media/post_banners/929980215d475eb9456b10670f1814ed884deea4de16e84b52c099dd5765638b.jpg)
ഒറ്റ പ്രാവശ്യം ചാർജു ചെയ്താൽ 400 കിലോമീറ്റർ സഞ്ചരിക്കുന്ന ടാറ്റ നെക്സോൺ ഏപ്രിലിൽ വിപണിയിലെത്തും. വലിയ ബാറ്ററിയും ചെറിയ സാങ്കേതിക മാറ്റങ്ങളുമായിട്ടാണ് ലോങ് റേഞ്ച് നെക്സോൺ ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിക്കുക.
ഏകദേശം 40 കിലോ വാട്ട് ഉള്ള ബാറ്ററി പാക്കാണ് പുതിയ നെക്സോണിൽ ഉപയോഗിക്കുക. നിലവിൽ 3.3 കിലോവാട്ട് എസി ചാർജർ ഉപയോഗിക്കുന്ന കാർ പൂർണമായും ചാർജ് ചെയ്യാൻ 10 മണിക്കൂർ വേണം. വലിയ ബാറ്ററി എത്തുമ്പോൾ ചാർജിങ് സമയം കൂടാതിരിക്കാൻ 6.6 കിലോവാട്ട് എസി ചാർജറും എത്തും. ശേഷിയേറിയ ബാറ്ററി എത്തുന്നതോടെ വാഹനഭാരവും 100 കിലോഗ്രാമോളം ഉയരും.
വിപണിയിലെ മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വാഹനത്തിന്റെ റേഞ്ച് കുറവാണെങ്കിലും, വില കുറവാണ് എന്നതാണു നെക്സോൺ ഇവിയുടെ സ്വീകാര്യത ഉയർത്തുന്നത്. ഇതിനു പുറമെ നെക്സോണിന്റെ പരിഷ്കരിച്ച പതിപ്പിൽ ഡ്രൈവർക്ക് റീജനറേറ്റീവ് ബ്രേക്കിങ്ങിന്റെ സാധ്യത ക്രമീകരിക്കാൻ കഴിയുംവിധം റീ ജനറേഷൻ മോഡുകൾ തിരഞ്ഞെടുക്കാനും അവസരം ലഭിച്ചേക്കും. ഇതു വഴിയും കാറിന്റെ റേഞ്ച് നീട്ടാനാവുമെന്ന നേട്ടമുണ്ട്. നിലവിൽ നെക്സോണിൽ റീജനറേറ്റീവ് ബ്രേക്കിങ് ക്രമീകരിക്കാൻ അവസരമില്ല.
സാങ്കേതിക വിഭാഗത്തിലെ മാറ്റങ്ങൾക്കപ്പുറം പുത്തൻ അലോയ് വീലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും കാഴ്ചയിലെ പരിഷ്കാരങ്ങളും സഹിതമാവും നെക്സോൺ നവീകരിച്ച പതിപ്പ് എത്തുക. ബാറ്ററി പായ്ക്കിനു ശേഷിയേറുന്നതോടെ നെക്സോൺ ഇ വിയുടെ വില 3 മുതൽ 4 ലക്ഷം രൂപ വരെ വർധിക്കാനും സാധ്യതയുണ്ട്. വില 17 –18 ലക്ഷം രൂപ നിലവാരത്തിലെത്തിയാലും ഉയർന്ന റേഞ്ചിന്റെ പിൻബലത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ പരിഷ്കരിച്ച നെക്സോണിനു സാധിക്കുമെന്നാണു വിലയിരുത്തൽ.