രാജ്യത്തെ ആദ്യ മാരുതി 800 ന് രണ്ടാം ജന്മം

ഡി. ഐ. എ 6479. ഇന്ത്യയില്‍ വിറ്റ ആദ്യ മാരുതി 800 കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരാണിത്

author-image
online desk
New Update
രാജ്യത്തെ ആദ്യ മാരുതി 800 ന് രണ്ടാം ജന്മം

 ഡി. ഐ. എ 6479. ഇന്ത്യയില്‍ വിറ്റ ആദ്യ മാരുതി 800 കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരാണിത്. 1983 ഡിസംബര്‍ 14 ന് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരന്‍ ഹര്‍പാല്‍ സിങ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുകയായിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഹര്‍പാല്‍ സിങ് ആദ്യ മാരുതി 800 ന്റെ ഉടമയായത്. നീണ്ട പതിറ്റാണ്ടുകള്‍ ഇദ്ദേഹം മാരുതി 800 ല്‍ യാത്ര ചെയ്തു. പക്ഷേ, 2010 ല്‍ ഹര്‍പാല്‍ സിങ് മരിച്ചതിനുശേഷം ഈ കാറിനെ പരിചരിക്കാന്‍ ആളില്‌ളാതെയായി.

ഡല്‍ഹിയില്‍ ഹര്‍പാല്‍ സിങ്ങിന്റെ വസതിയായ ഗ്രീന്‍ പാര്‍ക്ക് റസിഡന്‍സിന് പുറത്ത് തുരുമ്പെടുത്ത് കിടന്ന മാരുതി 800, അടുത്തകാലം വരെ വാഹന ലോകത്തെ നൊമ്പര കാഴ്ച്ചയായിരുന്നു. എന്നാല്‍, ഇന്ന് കഥമാറി. പഴയ പ്രൗഢി തിരികെ പിടിച്ച് രണ്ടാം വരവിന് ഒരുക്കം കൂട്ടുകയാണ് കാറിപ്പോള്‍. മാരുതി സര്‍വ്വീസ് സെന്ററില്‍ റീസ്‌റ്റോര്‍ നടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മാരുതി 800 ന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുകയാണ്.

അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് പൂര്‍വ്വസ്ഥിതിയില്‍ കാറിനെ ഉടന്‍ പ്രതീക്ഷിക്കാം. തുടക്കകാലത്ത് 47,500 രൂപയായിരുന്നു മാരുതി 800 ന് ഫാക്ടറി വില. മറ്റു ചെലവുകളെല്‌ളാം ഉള്‍പ്പെടെ 52,500 രൂപയ്ക്ക് മാരുതി 800 ഷോറൂമുകളിലെത്തി. മൂന്നുവര്‍ഷക്കാലം ഈ വിലയ്ക്കാണ് കാര്‍ വില്‍പ്പനയ്ക്ക് വന്നത്. 79,000 രൂപയായിരുന്നു എസി ഘടിപ്പിച്ച മാരുതി 800 പതിപ്പിന് അന്ന് വില.

വിപണിയിലെത്തും മുമ്പ് രണ്ട് മാസം നീണ്ടുനിന്ന ബുക്കിംഗ് കാലയളവില്‍ 1.35 ലക്ഷം ആളുകളാണ് പതിനായിരം രൂപ മുന്‍കൂറടച്ച് കാര്‍ ബുക്ക് ചെയ്തത്. കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്നത്തിന് പുതിയ നിര്‍വചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്. ടട80 എന്നും മാരുതി 800 ന് പേരുണ്ട്. സംഭവ ബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടു നീളുന്ന മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര.
അങ്ങ് ജര്‍മ്മനിയില്‍ 'പീപിള്‍സ് കാര്‍’ എന്ന ഖ്യാതി നേടിയത് ഫോക്‌സ്‌വാഗണ്‍ ബീറ്റിലാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അത് മാരുതി 800 ആണ്. ഇന്ത്യ കണ്ട ആദ്യ ആധുനിക നാല് ഡോര്‍ ഹാച്ച്ബാക്കെന്ന വിശേഷണവും കാറിനുണ്ട്. വിപണിയില്‍ ജീവിച്ച കാലം മുഴുവന്‍ കിരീടമില്‌ളാത്ത രാജാവായി കഴിഞ്ഞ മാരുതി 800 നെ ഒടുവില്‍ കമ്പനി തന്നെ പിന്‍വലിക്കുകയായിരുന്നു.

796 സിസി മൂന്ന് സിലിണ്ടര്‍ എ8ഡി പെട്രോള്‍ എഞ്ചിന്‍ തുടിച്ച മാരുതി 800, രണ്ടു ട്യൂണിംഗ് നിലകളിലാണ് വില്‍പ്പനയ്ക്ക് വന്നത്. തുടക്കകാലത്ത് 35 ബി.എച്ച്.പി കരുത്തുകുറിച്ച കാര്‍ പില്‍ക്കാലത്ത് 45 ബി.എച്ച്.പി വരെ കരുത്തുല്‍പ്പാദനം രേഖപ്പെടുത്തുകയുണ്ടായി. 2000 ലാണ് 800 ഹാച്ച്ബാക്കിനെക്കാളും പ്രീമിയം പകിട്ടുള്ള ആള്‍ട്ടോയെ നിരയിലേക്ക് മാരുതി കൊണ്ടുവരുന്നത്. 800 ഹാച്ച്ബാക്കിന്റെ ബോക്‌സി ഘടനയില്‍ നിന്നും വ്യത്യസ്തമായി വടിവൊത്ത രൂപവും കൂടുതല്‍ ഫീച്ചറുകളും ആള്‍ട്ടോയുടെ പ്രചാരം അതിവേഗം ഉയര്‍ത്തി.

പിന്നീട് 2010 ല്‍ 800 ഹാച്ച്ബാക്കിനെ കമ്പനി പൂര്‍ണ്ണമായി നിര്‍ത്തിയപ്പോള്‍, മാരുതിയുടെ പ്രാരംഭ കാറെന്ന വിശേഷണം ആള്‍ട്ടോയെ തേടിയെത്തി. 2012 ല്‍ കമ്പനി അവതരിപ്പിച്ച രണ്ടാംതലമുറ ആള്‍ട്ടോ ഹാച്ച്ബാക്കാണ് ആള്‍ട്ടോ 800. നിലവില്‍ എ8ഉ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ആള്‍ട്ടോ 800 ഉപയോഗിക്കുന്നത്. എഞ്ചിന് 47 ബി.എച്ച്.പി കരുത്തും സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.

maruthi