ഇലക്ട്രിക് വാഹനനിര്‍മാണരംഗത്തേയ്ക്ക് ചുവട് വക്കാനൊരുങ്ങി മൈക്രോമാക്‌സ്

സ്മാര്‍ട്ഫോണ്‍ രംഗത്തില്‍ നിന്ന് പുതിയ വിപണികള്‍ തേടി രാജ്യത്തെ മുന്‍നിര സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്തേയ്ക്ക് ചുവട് വക്കാ

author-image
Anju N P
New Update
 ഇലക്ട്രിക് വാഹനനിര്‍മാണരംഗത്തേയ്ക്ക് ചുവട് വക്കാനൊരുങ്ങി മൈക്രോമാക്‌സ്

മുംബൈ: സ്മാര്‍ട്ഫോണ്‍ രംഗത്തില്‍ നിന്ന് പുതിയ വിപണികള്‍ തേടി രാജ്യത്തെ മുന്‍നിര സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്തേയ്ക്ക് ചുവട് വക്കാനൊരുങ്ങുകയാണ് കമ്പനി. ഇലക്ട്രിക് കാറുകള്‍ക്ക് പുറമെ ടൂവീലറുകള്‍ക്കും ത്രീവീലറുകള്‍ക്കുമായി ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കാനും മൈക്രോമാക്‌സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് മൈക്രോമാക്‌സിന്റെ ബാറ്ററികള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കേഷനുകളും അനുമതികളും ലഭിച്ചുകഴിഞ്ഞു. മലിനീകരണം മൂലം പൊറുതി മുട്ടിയ ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ ഇലക്ട്രിക് റിക്ഷകള്‍ക്ക് ഇപ്പോള്‍ തന്നെ വിപണിയുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കുള്ള ബാറ്ററിയാണ് മൈക്രോമാക്‌സ് തങ്ങളുടെ പുതിയ സംരംഭത്തിലൂടെ നല്‍കുന്നത്.

അതേസമയം, ഇലക്ട്രിക് വാഹനനിര്‍മാണരംഗത്ത് തങ്ങള്‍ പ്രാരംഭദശയിലാണെന്നാണ് കമ്പനി പറയുന്നത്. സാങ്കേതികസഹകരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞ് മൈക്രോമാക്‌സ് മറ്റു കമ്പനികളുമായി സംസാരിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനനിര്‍മാണത്തിലും ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്നാണ് അറിയുന്നത്. ഇലക്ട്രിക് ടാക്‌സി രംഗത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്ന യൂബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളെയും മൈക്രോമാക്‌സ് ലക്ഷ്യമിടുന്നുണ്ട്.

ഇലക്ട്രിക് വാഹനവ്യവസായം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഫെയിം പദ്ധതി (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക് വീക്കിള്‍സ്) വഴി നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും സബ്‌സിഡികള്‍ ലഭിക്കുന്നുണ്ടെന്നതും മൈക്രോമാക്‌സിന് പുതിയ രംഗത്തേയ്ക്ക് കടക്കാന്‍ സഹായകമാകും.

കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തിക്കുന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളോട് മത്സരിക്കാന്‍ വിലയില്‍ ഒരു പരിധിയിലധികം വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നതിനാല്‍ പുതിയ രംഗത്തേയ്ക്കുള്ള മൈക്രോമാക്‌സിന്റെ ചുവടുവെയ്പ് മികച്ച തീരുമാനമാണെന്നാണ് വിലയിരുത്തല്‍.

micromax