ബുക്കിങ്ങിൽ വൻ കുതിച്ചുചാട്ടവുമായി നിസാൻ 'മാഗ്നൈറ്റ്'. ബുക്കിങ് ആരംഭിച്ച് വെറും 17 ദിവസത്തിനുള്ളിൽ 15000 ബുക്കിങ്ങുകളാണ് മാഗ്നൈറ്റ് ഇതുവരെ നേടിയിരിക്കുന്നത്. കിയ സോണെറ്റ്, വിറ്റാര ബ്രേസ, വെന്യു, നെക്സൻ, എക്സ് യു വി 300 തുടങ്ങിയ മുൻനിര വാഹനങ്ങളാണ് മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.
അതേസമയം പുതുവർഷത്തിൽ കാർ വില വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപും(ഡി ആർ എൽ) ഫോഗ് ലാംപും, വയർലസ് ആപ്പ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതം എട്ട് ഇഞ്ച് ഫ്ളോട്ടിങ് ടച് സ്ക്രീൻ, എഴ് ഇഞ്ച് ടി എഫ് ടി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വോയ്സ് റക്കഗ്നീഷൻ, റിയർ വ്യൂ കാമറ, പുഷ് ബട്ടൻ സ്റ്റാർട്, എൽ ഇ ഡി ബൈ പ്രൊജക്ടർ ഹെഡ്‌ലാംപ്, ക്രൂസ് കൺട്രോൾ, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിട്ടർ, ടയർ പ്രഷർ മോണിട്ടർ, തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.
ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ അടിസ്ഥാന എൻജിൻ. 6,250 ആർ പി എമ്മിൽ 72 പി എസ് കരുത്തും 3,500 ആർ പി എമ്മിൽ 96 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എൻജിനു കൂട്ട്.