93 ലക്ഷത്തിന്റെ എസ്‌യുവി സ്വന്തമാക്കി ഒളിംപ്കിസ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര

എക്‌സ്യുവി 700 ജാവലിന്‍ എഡിഷനും റേഞ്ച് റോവര്‍ സ്പോര്‍ടും ഫോര്‍ഡ് മസ്താങുമെല്ലാമുള്ള നീരജ് ചോപ്രയുടെ ഏറ്റവും പുതിയ വാഹനമാണ് റേഞ്ച് റോവര്‍ വേളാര്‍.

author-image
Greeshma Rakesh
New Update
93 ലക്ഷത്തിന്റെ എസ്‌യുവി സ്വന്തമാക്കി ഒളിംപ്കിസ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര

 

 

ഇന്ത്യയുടെ അഭിമാന താരമാണ് നീരജ് ചോപ്ര. ഒളിംപ്കിസില്‍ സ്വര്‍ണ മെഡല്‍ നേടിയ ജാവലിന്‍ താരം ഒരു വാഹന പ്രേമി കൂടിയാണ്. എക്‌സ്യുവി 700 ജാവലിന്‍ എഡിഷനും റേഞ്ച് റോവര്‍ സ്പോര്‍ടും ഫോര്‍ഡ് മസ്താങുമെല്ലാമുള്ള നീരജ് ചോപ്രയുടെ ഏറ്റവും പുതിയ വാഹനമാണ് റേഞ്ച് റോവര്‍ വേളാര്‍.

 

ലാന്‍ഡ് റോവര്‍ മാല്‍വ ഓട്ടോമോട്ടീവ്സാണ് ഫേസ്ബുക്കിലൂടെ നീരജ് ചോപ്ര റേഞ്ച് റോവര്‍ വേളാര്‍ സ്വന്തമാക്കിയ വിവരം പങ്കുവച്ചത്. 'റേഞ്ച് റോവര്‍ കുടുംബത്തിലേക്ക് നീരജിന് സ്വാഗതം.അതെസമയം പുതിയ റേഞ്ച് റോവര്‍ വേളാര്‍ സ്വന്തമാക്കിയ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍' എന്നായിരുന്നു ലാന്‍ഡ് റോവര്‍ മാല്‍വ ഓട്ടോമോട്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

ആഡംബര കാറുകളോടുള്ള നീരജ് ചോപ്രയുടെ പ്രിയം നേരത്തെ എല്ലാവര്‍ക്കും മനസിലായതാണ്. പുതിയ റേഞ്ച് റോവര്‍ വെലാറിന് പുറമേ റേഞ്ച് റോവര്‍ സ്പോര്‍ടും ഫോര്‍ഡ് മസ്താങും നീരജിനുണ്ട്. ഇതില്‍ സ്റ്റൈലും കരുത്തും ഒത്തിണങ്ങിയ നീല മസ്താങ് പുതിയ കാറല്ലെന്നതും ശ്രദ്ധേയമാണ്. പുതിയ കാര്‍ വാങ്ങുന്നതിലേറെ വില കൊടുത്ത് മസ്താങ് സ്വന്തമാക്കിയതിലൂടെ തന്റെ കാര്‍ പ്രേമം കൂടിയാണ് നീരജ് ചോപ്ര ഉറപ്പിച്ചത്.

 

ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളുടെ ആഡംബരവും സൗകര്യങ്ങളും കരുത്തും ഒത്തിണങ്ങിയ പുതിയ മോഡലാണ് റേഞ്ച് റോവര്‍ വെലാര്‍. റേഞ്ച് റോവര്‍ ഇവോകിന് മുകളിലും വിലകൂടിയ റേഞ്ച് റോവര്‍ സ്പോട്ടിനും വോഗിനും താഴെയുമാണ് വെലാറിന്റെ സ്ഥാനം. ഏകദേശം 93 ലക്ഷം രൂപയാണ് ഇന്ത്യന്‍ നിര്‍മിത വേലാറിന്റെ വില.

 

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഇന്ത്യയില്‍ റേഞ്ച് റോവര്‍ വെലാറിനുള്ളത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന് 179bhp ആണ് കരുത്ത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 250bhp കരുത്തുണ്ട്. കൂടുതല്‍ കരുത്തുവേണ്ടവര്‍ക്ക് 3.0 ലിറ്റര്‍ വി6 ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ സ്വന്തമാക്കാം. 296bhp കരുത്തുള്ള ഈ എന്‍ജിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഏതു മോഡലാണ് നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല.

 

ഓള്‍ വീല്‍ ഡ്രൈവും ടെറെയ്ന്‍ റെസ്പോണ്‍സുമൊക്കെയുള്ള വെലാര്‍ ഗംഭീര യാത്രാസുഖം നല്‍കുന്ന വാഹനമാണ്. മെട്രിക്സ് എല്‍ഇഡി ഹെഡ്ലാംപ്, ടച്ച് പ്രൊ ഡ്യുവോ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടച്ച്സ്‌ക്രീന്‍ ഇന്റര്‍ഫേസ്, ഹില്‍ഡിസെന്റ് കണ്‍ട്രോള്‍, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍സീറ്റുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ വെലാറിലുണ്ട്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുമുള്ള 10 ഇഞ്ച് പിവി പ്രൊ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇന്ത്യയുടെ അഭിമാനം സ്വന്തമാക്കിയ ഈ ആഡംബര വാഹനത്തിലുണ്ട്.

 

automobile neeraj chopra Range Rover Velar