/kalakaumudi/media/post_banners/23ee80ce77df290e97771fba8bf142d873a663ed6285e2b13fc0513220dc2e16.jpg)
പുതിയ നെക്സോണിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ടാറ്റ മോട്ടോഴ്സ്. നെക്സോണും നെക്സോണ്‍ ഇവിയും സെപ്തംബര്‍ 14നാണ് ടാറ്റാ അവതരിപ്പിക്കുക. പുതിയ നെക്സോണിനായുള്ള ബുക്കിങ് സെപ്തംബര്‍ 4ന് ആരംഭിക്കാനിരിക്കെയാണ് വാഹനത്തിന്റെ രൂപവും വിശദാംശങ്ങളും പുറത്തുവന്നിരിക്കുന്നത്.
മെലിഞ്ഞു സുന്ദരമായ സ്പ്ലിറ്റ് ഹെഡ്ലാംപുമായി എത്തുന്ന പുതിയ നെക്സോണില്‍ കനത്തിലുള്ള ഗ്രില്ലിന് മുകളിലാണ് ടാറ്റ മോട്ടോഴ്സ് ലോഗോ. മാത്രമല്ല ഡേടൈം റണ്ണിങ് ലൈറ്റുകളിലും മാറ്റമുണ്ട്. പുതിയ അലോയ് വീലുകളും പിന്നില്‍ മുഴു നീളത്തിലുള്ള എല്‍ഇഡി ലൈറ്റുകളും നടുവിലായി ലോഗോയുമുണ്ട്. അതെസമയം റിവേഴ്സ് ലൈറ്റിന്റെ സ്ഥാനം ബംപറിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെയുള്ളതുപോലെ 208എംഎം തന്നെയാണ് പുതിയ നെക്സോണിന്റേയും ഗ്രൗണ്ട് ക്ലിയറന്‍സ്.
ഉള്ളിലേക്കു വരുമ്പോഴാണ് കര്‍വിന്റേതിന് സമാനമായ ഇന്റീരിയര്‍ നെക്സോണില്‍ കാണാനാവുക. പുതിയ ടച്ച് സ്‌ക്രീനും ടു സ്പോക് സ്റ്റീറിങ് വീലും കാണാനാവും. എസി വെന്റുകള്‍ കൂടുതല്‍ മെലിഞ്ഞിട്ടുണ്ട്. പൊതുവേ ഡാഷ് ബോര്‍ഡില്‍ ബട്ടണുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
നേരത്തെ പുറത്തിറങ്ങിയ നെക്സോണ്‍ ഇവി മാക്സ് ഡാര്‍ക്ക് എഡിഷനിലേതിന് സമാനമായി ഡാഷ് ബോര്‍ഡില്‍ നടുവിലായിട്ടാണ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീനുള്ളത്. 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ നെക്സോണിലുണ്ട്. ഇതാണ് നാവിഗേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക. 360 ഡിഗ്രി ക്യാമറ, കണക്ടഡ് കാര്‍ ടെക്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫെയര്‍ എന്നിവയും പുതിയ നെക്സോണിന്റെ ഭാഗമാണ്.
120hp, 170Nm, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ നെക്സോണിലുമുള്ളത്. നാലു ഗിയര്‍ ബോക്സുകളില്‍ ഏതു വേണമെന്ന് തിരഞ്ഞെടുക്കാനാവും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ ബോക്സ് ഓപ്ഷനുകള്‍. 115hp, 160Nm, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനിലും ടാറ്റ നെക്സോണ്‍ എത്തുന്നുണ്ട്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് ഡീസല്‍ എന്‍ജിനിലുള്ളത്.
മുഖം മിനുക്കിയ നെക്സോണില്‍ സ്മാര്‍ട്ട്, സ്മാര്‍ട്ട്+, സ്മാര്‍ട്ട് +(S), പ്യുര്‍+, പ്യുര്‍+(S), ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ക്രിയേറ്റീവ്+(S), ഫിയര്‍ലെസ്, ഫിയര്‍ലെസ്(S), ഫിയര്‍ലെസ് +(S) എന്നീ മോഡലുകളാണുള്ളത്. ഇതില്‍ അധിക ഫീച്ചറുകളുള്ള മോഡലുകളാണ് '+' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. (S) എന്നാല്‍ സണ്‍റൂഫ് ഉള്ള മോഡലുകളെന്നും അര്‍ഥമാക്കുന്നു. സെപ്തംബര്‍ 14നായിരിക്കും മുഖംമിനുക്കിയുള്ള നെക്സോണിന്റെ വില ടാറ്റ മോട്ടോഴ്സ് പുറത്തുവിടുക. എട്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെയാവും പുതിയ നെക്സോണിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.