/kalakaumudi/media/post_banners/5ab76e60b4546aa8458cae2bfc389b8bfa33114340fc8918cd76f50f2de9cf2a.jpg)
പുതുമയും കൗതുകവുമ നിറഞ്ഞ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ഇന്ന് വിപണിയിലെത്തുന്നത്. എപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ അവയുടെ ഡിസൈനിലെ വ്യത്യസ്തത കാരണം ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഹോണ്ട ഒടുവിലായി വിപണിയിലെത്തിച്ച ഇ–സ്കൂട്ടറാണ് വാഹനപ്രേമികളുടെയടക്കം ശ്രദ്ധ നേടുന്നത്. സ്യൂട്ട്കേസ് പോലെ കൈയിൽ കൊണ്ടുനടക്കാൻ സാധിക്കുകയും ആവശ്യസമയത്ത് ഇലക്ട്രിക് സ്കൂട്ടറാക്കാൻ സാധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.
എൺപതുകളിൽ ചൈനയിൽ പ്രചാരം നേടിയ മോട്ടോകോംപാക്ടോ എന്ന കുഞ്ഞൻ സ്കൂട്ടറിനെ അനുസ്മരിച്ചാണ് ഹോണ്ട ഇത്തരത്തിലൊരു വാഹനം രൂപപ്പെടുത്തിയത്. വിദേശ വിപണികളിൽ ഏറെ പ്രായോഗികമായ വിധത്തിലുള്ള ഈ മോഡൽ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും എത്തുമോ എന്നുപോലും ഉറപ്പില്ല.
മെട്രോ സിറ്റികളിലെ ചെറു യാത്രകൾക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് നിർമാണം. പൂർണമായി വെള്ള നിറത്തിൽ പ്രത്യക്ഷപ്പെട്ട വാഹനത്തിന്റെ ചിത്രം ഒരു യഥാർഥ സ്യൂട്ട്കെയ്സിനെ അന്വർഥമാക്കുന്ന വിധത്തിലാണ് നിർമിച്ചിട്ടുള്ളത്. ഒതുക്കവും ഭാരക്കുറവുമുള്ള ഒരു പെട്ടിയിലേക്ക് ഹാൻഡ്ൽ, സീറ്റ് എന്നിവ ചേർത്താൽ മോട്ടോകോംപാക്ടോ ആയി.
മുൻവീലിലാണ് കരുത്ത്. പരമാവധി 24 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ള വാഹനത്തിന് ഒറ്റത്തവണ ചാർജിങ്ങിൽ 19 കിലോമീറ്റർ വരെ സഞ്ചരിക്കാം. 110 വാട്ട് ഔട്ട്പുട്ട് ഉപയോഗിച്ച് 3.5 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും. 742 എംഎം ആണ് വാഹനത്തിന്റെ വീൽബേസ്. തുറന്നു ഉപയോഗിക്കുന്ന സമയത്ത് 968 എംഎം നീളമാകും. പൂർണമായി മടക്കിയാൽ 100 എംഎം ആകും വലുപ്പം.
18 കിലോഗ്രാമാണ് ഭാരം. പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന വാഹനം ഷോപ്പിങ് മാളുകളിൽ ഉൾപ്പെടെ പ്രയോജനപ്പെടും. ഒഹിയോ, കലിഫോർണിയ എന്നിവിടങ്ങളിലെ ഡിസൈൻ സെന്ററുകളിലെ ഹോണ്ട എൻജിനീയർമാരാണ് വാഹനം രൂപപ്പെടുത്തിയത്. 32 പേറ്റന്റുകളും വാഹനത്തിനുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.