14ാമത് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസിന് വെള്ളിയാഴ്ച തുടക്കം

കോവിഡ് മഹാമാരിക്ക് ശേഷം സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തുണ്ടായ പുതിയ പ്രവണതളും വെല്ലുവിളികളും ഈ സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ ചര്‍ച്ചയാകും.

author-image
Greeshma Rakesh
New Update
14ാമത് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസിന് വെള്ളിയാഴ്ച തുടക്കം

 

 

കൊച്ചി: സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിലെ വിദഗ്ധരുടേയും വ്യാപാര സംഘടനകളുടേയും കമ്പനികളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഏറ്റവും വലിയ ആഗോള സമ്മേളനമായ വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസിന് 
വെള്ളിയാഴ്ച മുംബൈയില്‍ തുടക്കമാകും. സ്പൈസസ് ബോര്‍ഡും വാണിജ്യ വ്യവസായ മന്ത്രാലയവും സംഘടിപ്പിക്കുന്ന പതിനാലാമത് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസ് നവി മുംബൈയിലെ സിഡ്കോ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വേദിയാകും.

സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തെ നയരൂപീകരണകര്‍ത്താക്കള്‍, റെഗുലേറ്ററി അതോറിറ്റികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും, സാങ്കേതിക വിദഗ്ധര്‍, കയറ്റുമതി കമ്പനികള്‍, വ്യാപാര സംഘടനകള്‍ എന്നിവര്‍ പങ്കെടുക്കുന്ന ത്രിദിന സമ്മേളനം ഞായറാഴ്ച സമാപിക്കും.

കോവിഡ് മഹാമാരിക്ക് ശേഷം സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തുണ്ടായ പുതിയ പ്രവണതളും വെല്ലുവിളികളും ഈ സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ ചര്‍ച്ചയാകും. സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്താനും വ്യാപാരം ശക്തിപ്പെടുത്താനും ആഗോള തലത്തിലുള്ള കൂട്ടായ ശ്രമങ്ങള്‍ക്കും വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസ് വേദിയാകും, സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു.

ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ടെക്ക്നിക്കല്‍ സെഷനുകളും ബിസിനസ് സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സുസ്ഥിരത, ഉല്‍പ്പാദനക്ഷമത, നവീകരണം, സഹകരണം, മികവ്,ഭക്ഷ്യസുരക്ഷ എന്നീ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 'വിഷന്‍ 2030: സ്പൈസസ്' ആണ് 14ാമത് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസിന്റെ പ്രതിപാദ്യവിഷയം.

ഭക്ഷ്യ സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങളും സര്‍ട്ടിഫിക്കേഷനും, ഫാര്‍മസ്യൂട്ടിക്കല്‍, ന്യൂട്രാസ്യൂട്ടിക്കല്‍, രോഗപ്രതിരോധ, ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലെ ഉപയോഗം, സുഗന്ധദ്രവ്യ എണ്ണകളുടെ ഉല്‍പ്പാദനം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും, വിളകള്‍, നൂതന വിപണി പ്രവണതകള്‍, സാങ്കേതികവിദ്യകള്‍ എന്നിവയെ കുറിച്ചും വിശദമായ സെഷനുകള്‍ നടക്കും.

വിവിധതരം സുഗന്ധവ്യഞ്ജനങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും നൂതന സാങ്കേതിഅകവിദ്യകളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Bussiness News international spice trade mumbai 14th world spice congress