മുത്തൂറ്റ് ഫിനാന്‍സിന് 1,045 കോടി രൂപ സംയോജിത അറ്റാദായം

നിലവില്‍ 5,897 ശാഖകളാണ് മുത്തൂറ്റ് ഗ്രൂപ്പിനുള്ളത്. ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളുടെ വില്‍പ്പയിലൂടെ 179 കോടി രൂപയും മുത്തൂറ്റ് ഫിനാന്‍സ് സമാഹരിച്ചു.

author-image
Greeshma Rakesh
New Update
മുത്തൂറ്റ് ഫിനാന്‍സിന് 1,045 കോടി രൂപ സംയോജിത അറ്റാദായം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പുസാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ 1,045 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 825 കോടി രൂപയായിരുന്നു അറ്റാദായം. 27 ശതമാനമാണ് അറ്റാദായത്തിലെ വര്‍ധന. കമ്പനിയുടെ ഒറ്റയ്ക്കുള്ള അറ്റാദായം 22 ശതമാനം വര്‍ധിച്ച് 975 കോടി രൂപയായി.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തി 63,444 കോടി രൂപയില്‍ നിന്നും 21 ശതമാനം വര്‍ധിച്ച് 76,799 കോടി രൂപയായി. സ്വര്‍ണപണയ വായ്പാ വിതരണത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ് കമ്പനിക്ക് നേടാനായത്. 53,612 കോടി രൂപയുടെ സ്വര്‍ണവായ്പകള്‍ ജൂണ്‍ പാദത്തില്‍ വിതരണം ചെയ്തു. ഗോള്‍ഡ് ലോണ്‍ ആസ്തിയില്‍ 4,164 കോടിയുടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച. 2,863 കോടി രൂപയാണ് പലിശ വരുമാനം.

59 പുതിയ ശാഖകള്‍ മുത്തൂറ്റ് ഫിനാന്‍സ് ആദ്യപാദത്തില്‍ തുറന്നു. 114 പുതിയ ശാഖകള്‍ കൂടി തുറക്കുന്നതിന് ഈ വര്‍ഷം ജുലായില്‍ ആര്‍ബിഐയില്‍ നിന്ന് അനുമതി ലഭിച്ചതായും കമ്പനി അറിയിച്ചു. നിലവില്‍ 5,897 ശാഖകളാണ് മുത്തൂറ്റ് ഗ്രൂപ്പിനുള്ളത്. ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളുടെ വില്‍പ്പയിലൂടെ 179 കോടി രൂപയും മുത്തൂറ്റ് ഫിനാന്‍സ് സമാഹരിച്ചു.

സ്വര്‍ണ്ണേതര വായ്പാ വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ബിസിനസ്സിന് അന്തരീക്ഷം തുടരുകയാണ്, തങ്ങളുടെ പുതിയ സേവനങ്ങളായ ചെറുകിട ബിസിനസ് ലോണുകളും മൈക്രോ പേഴ്‌സണല്‍ ലോണുകളും ഈ പാദത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു.

Consolidated Net Profit Bussiness News Muthoot Finance