/kalakaumudi/media/post_banners/49632d524a45c50dcde8bffdd08fab76480add562d679e25bcf7657119746fca.jpg)
രാജ്യം സ്വന്തമായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമ്പോള്‍ ബിറ്റ്കോയിന്‍, ഈഥര്‍ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ക്ക് എന്തു സംഭവിക്കുമെന്ന് ചോദ്യം പ്രസക്തമാണ്. അതുകൊണ്ടു തന്നെ എന്താണ് ഡിജിറ്റല്‍ കറന്‍സി എന്നും അതിന്റെ പ്രധാന്യം എന്തെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
----------
ആര്‍. രാജേഷ്
എല്ലാ ക്രിപ്റ്റോ ഇടപാടുകളും ആസ്തിയായി കണക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തോടെ വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് 30 ശതമാനം നികുതി ചുമത്താനാണ് തീരുമാനം. അതേസമയം തന്നെ രാജ്യത്ത് ഡിജിറ്റല്‍ രൂപ (ഡിജിറ്റല്‍ റുപ്പി) അഥവാ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമാന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയും ചെയ്തു. സ്വകാര്യ ക്രിപ്റ്റോ കറന്‍സികള്‍ ഔദ്യേഗിക കറന്‍സികള്‍ അല്ല. റിസര്‍വ് ബാങ്ക് പുറത്തിക്കുന്നതാണ് അംഗീകൃത കറന്‍സി. അതായത് ഡിജിറ്റല്‍ റുപ്പിക്ക് രാജ്യത്ത് കൂടുതല്‍ പ്രധാന്യം സര്‍ക്കാര്‍ നല്‍കും. അതുകൊണ്ടു തന്നെ രാജ്യത്ത് കൂടുതല്‍ നിക്ഷേപകര്‍ രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒരു ഡിജിറ്റല്‍ കറന്‍സി എന്നത് ഒരു രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സിയുടെ ഇലക്ട്രോണിക് റെക്കോര്‍ഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടോക്കണായി കണക്കാക്കാം. ഇത് വിനിമയ മാദ്ധ്യമം, അക്കൗണ്ട് യൂണിറ്റ്, മൂല്യ ശേഖരം, മാറ്റിവെച്ച പേയ്മെന്റിന്റെ നിലവാരം എന്നിങ്ങനെയുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിറവേറ്റുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സിബിഡിസി ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കും പുറത്തിറക്കുക. ബിറ്റ്കോയിന്‍, ഈഥര്‍ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയവ നടക്കുന്നുവെന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടിരുന്നു. അതിനൊപ്പം പലതവണ സ്വന്തം സിബിഡിസി പ്രഖ്യാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ എന്താണ് സിബിഡിസി എന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. ക്രിപ്‌റ്റോ ഇടപാടുകളും ഡിജിറ്റല്‍ റുപ്പിയും തമ്മിലുള്ള വ്യത്യാസവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് സിബിഡിസി?
ഡിജിറ്റല്‍ രൂപത്തില്‍ ഒരു കേന്ദ്ര ബാങ്ക് നല്‍കുന്ന നിയമപരമായ ടെന്‍ഡര്‍ കറന്‍സിയാണ് സിബിഡിസി അഥവാ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി. ഇത് സാധാരണ പേപ്പറില്‍ ഇറക്കുന്ന ഒരു കറന്‍സിക്ക് സമാനമാണ്. മറ്റേതെങ്കിലും സമാന കറന്‍സിയുമായി ഇത് പരസ്പരം മാറ്റാവുന്നതാണ്. ഉപയോക്താക്കള്‍ക്ക് ഡിജിറ്റലിന്റെ സൗകര്യത്തിനൊപ്പം സുരക്ഷയും പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന്റെ കരുതല്‍ കൂടി നല്‍കുക എന്നതാണ് ഡിജിറ്റല്‍ കറന്‍സിയുടെ ലക്ഷ്യം.
അത് എങ്ങനെ വാങ്ങാം?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം ഡിജിറ്റല്‍ റുപ്പി ഇറക്കാന്‍ പോകുന്നതിനാല്‍, അത് എങ്ങനെ, എപ്പോള്‍ വാങ്ങണം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഉടന്‍ തന്നെ വാങ്ങുന്നവര്‍ക്ക് നല്‍കും. ഡിജിറ്റല്‍ റുപ്പി വാങ്ങുന്ന പ്രക്രിയ ബിറ്റ്കോയിന്റെയോ മറ്റ് ക്രിപ്റ്റോകറന്‍സികളുടേതോ പോലെയായിരിക്കുമെന്ന് അനുമാനിക്കാം. ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍, 2021 കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നതിനുള്ള ഒരു സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ഇതിനു പിന്നില്‍. ക്രിപ്‌റ്റോകറന്‍സിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ചില ഒഴിവാക്കലുകള്‍ ഒഴികെ ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും നിരോധിക്കാനും ബില്‍ ശ്രമിക്കും. ക്യുആര്‍ കോഡ് സംവിധാനത്തിലൂടെ സമ്പദ്വ്യവസ്ഥയിലുടനീളം ഡിജിറ്റല്‍ രൂപ അതിവേഗം അവതരിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടി എന്‍പിസിഐ വഴി നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആര്‍ബിഐ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ഡിജിറ്റന്‍ റുപ്പിയുടെ ഗുണങ്ങള്‍
ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് നടത്തുന്ന പണഇടപാടുകള്‍ അന്തിമമാണ്. അതുകൊണ്ടു തന്നെ സെറ്റില്‍മെന്റ് റിസ്‌ക് കുറക്കാനും സാധിക്കുന്നു. അതായത് നിലവില്‍ യുപിഐ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപൊലെ ഒരു സംവിധാനത്തിലൂടെ പണം കൈമാറ്റം സാധ്യമാകും. ഇതോടെ പണഇടപാടകള്‍ക്ക് ചിലവ് കുറയുകയും വേഗത്തിലാക്കാനും സാധിക്കും. ഡിജിറ്റല്‍ കറന്‍സിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ എന്ത് കറന്‍സിക്ക് പകരമായും ഡിജിറ്റല്‍ കറന്‍സി കൈമാറാന്‍ സാധിക്കും. അതായത് ഒരു ഇന്ത്യ വ്യാപാരിക്ക് അമേരിക്കയില്‍ നിന്നുള്ള സാധാനത്തിന് ഡോളറില്‍ പണം ഇടപാട് നടത്തുന്നതിന് പകരം ഡിജിറ്റല്‍ കറന്‍സി കൈമാറാം. ഇത് നേരിട്ട് പേപ്പര്‍ കറന്‍സി കൈമാറുന്നത് പോലെ സുഗമമായിരിക്കും. ഇതിന് വേണ്ടി യു.എസ് ഫെഡറല്‍ റിസര്‍വ് സിസ്റ്റം സെറ്റില്‍മെന്റിനായി തുറന്നിരിക്കണമെന്ന ആവശ്യം പോലുമില്ല.
2021 ഡിസംബര്‍ വരെ, 87 രാജ്യങ്ങള്‍ ഒരു ഡിജിറ്റല്‍ കറന്‍സിയില്‍ പര്യവേക്ഷണം നടത്തിയിരുന്നു. ഇതില്‍ 9 രാജ്യങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും അവരുടേതായ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കി. എന്നിരുന്നാലും ഏറ്റവും വലിയ സെന്‍ട്രല്‍ ബാങ്കുകളുള്ള യുഎസ്, യൂറോപ്യന്‍ വികസിത രാജ്യങ്ങള്‍, ജപ്പാന്‍ എന്നിവ ഡിജിറ്റല്‍ കറന്‍സി ഇറക്കുന്നതില്‍ ഏറ്റവും പിന്നിലാണ്. അതേസമയം തന്നെ ചൈനയും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ അവരുടെ സിബിഡിസികളുമായി പൈലറ്റ് ഘട്ടത്തിലാണ്. ഉടന്‍ തന്നെ അവരും അവരുടെതായ സിബിഡിസികള്‍ പ്രഖ്യാപിക്കും.