/kalakaumudi/media/post_banners/098d3ec47321bea63dc37060d510e0a813d43370d4934b748b65e5d9f717ac98.jpg)
മുംബൈ: ലോക സമ്പന്നരുടെ പട്ടികയില്‍ നാലാമനും ഏഷ്യയിലെ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന പ്രമുഖ വ്യവസായി ഗൗതം അദാനി സിമന്റ് മേഖലയിലും ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്നു. രണ്ട് പ്രമുഖ സിമന്റ് കമ്പനികള്‍ സ്വന്തമാക്കിയ അദാനി മൂന്നാമത്തെ കമ്പനിയെക്കൂടി ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
അംബുജ സിമന്റ്‌സും എസിസി സിമന്റ്‌സും സ്വന്തമാക്കിയതിന് പിന്നാലെ ജെപി സിമന്റിലേക്കാണ് അദാനിയുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നതെന്നാണ് വിവരം. കടക്കെണിയിലായ ജയപ്രകാശ് പവര്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ സിമന്റ് ബിസിനസ് വാങ്ങാന്‍ അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുകള്‍. 4992 കോടിയിലധികം രൂപയുടെ ഇടപാട് നടത്താനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. അതേസമയം കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
ഈ വര്‍ഷം മെയ് മാസത്തിലാണ് അംബുജ സിമന്റ്‌സിന്റെ 63.15 ശതമാനം ഓഹരികളും എസിസിയുടെ 56.69 ശതമാനം ഓഹരികളും(അംബുജ സിമന്റ്‌സ് വഴി 50.05 ശതമാനം ഓഹരികള്‍) അദാനി സ്വന്തമാക്കിയിരുന്നു.