/kalakaumudi/media/post_banners/3281a47034f9c0c75f82e6ae3937cb5ab909a607aa9c18705fa144fc7b233cdd.jpg)
ന്യൂഡല്‍ഹി: സിവില്‍ ഏവിയേഷന്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ അദാനി ഗ്രൂപ്പ്. ഏഴ് വിമാനത്താവളങ്ങള്‍ക്കൊപ്പം ഒരു കമ്പനിയെ കൂടി ഏറ്റെടുക്കാനുള്ള നടപടികളിലാണ് ഇപ്പോള്‍.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍(എംആര്‍ഐ) ഓര്‍ഗനൈസേഷനായ എയര്‍ വര്‍ക്ക്‌സ് ഗ്രൂപ്പിനെയാണ് ഏറ്റെടുക്കുന്നത്. 400 കോടി രൂപയുടെ കരാറുകളില്‍ അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്റ് ടെക്‌നോളജീസ് ലിമിറ്റഡ് ഒപ്പുവെച്ചതായി കമ്പനി അറിയിച്ചു.
71 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള എയര്‍ വര്‍ക്‌സ് ഗ്രൂപ്പ് രാജ്യത്തെ 27 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാന്‍ ഇന്ത്യ കമ്പനിയാണ്. ഇന്‍ഡിഗോ, ഗോ എയര്‍, വിസ്താര എന്നിവയ്ക്ക് പുറമെ ലുഫ്താന്‍സ, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബായ്, ഇതിഹാദ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്നിവ ഉള്‍പ്പെടെയുള്ള വിദേശ എയര്‍ലൈനുകള്‍ക്കുവേണ്ടിയും എയര്‍ വര്‍ക്‌സ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ പി-81 ലോംഗ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതും ഇതേ കമ്പനിയാണ്. വ്യോമസേനയുടെ 737 വിവിഐപി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലെ എംആര്‍എ ഉള്‍പ്പെടെയുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ എയര്‍ വര്‍ക്‌സ് ഗ്രൂപ്പ് നടത്തുന്നു.
തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, ജയ്പൂര്‍, ഗുവാഹത്തി, മംഗളുരു എന്നീ വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.