By parvathyanoop.29 01 2023
ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് നിയമ ലംഘനങ്ങള്‍ നടത്തുന്നു എന്നും, കൃത്രിമമായി ഓഹരി വില ഉയര്‍ത്തുന്നു എന്നുമുള്ള ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ധനകാര്യ അന്വേഷണ, ഷോര്‍ട് സെല്ലിങ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്ത്.88 ചോദ്യങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച് പ്രധാനമായും ഉന്നയിച്ചത്. ഇതില്‍ 21 ചോദ്യങ്ങള്‍ കേസുകളുമായി ബന്ധപ്പെട്ടവയായിരുന്നു.
ഈ വിഷയങ്ങള്‍ 2015 മുതല്‍ അദാനി ഗ്രൂപ്പ് വിശദീകരണം നല്‍കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇവ പ്രത്യേക മറുപടി അര്‍ഹിക്കുന്നില്ലെന്ന് കമ്പനി പറഞ്ഞു.
അദാനി ഗ്രൂപ്പിനു കീഴിലുള്ള 9 പബ്ലിക് ലിസ്റ്റഡ് കമ്പനികളില്‍ 8 എണ്ണത്തിലും ലോകത്തിലെ തന്നെ ആറ് വലിയ ഓഡിറ്റിങ് സ്ഥാപനങ്ങള്‍ ഓഡിറ്റ് നടത്തുന്നുണ്ട്.
മിത്ത്സ് ഓഫ് ഷോര്‍ട്ട് സെല്ലര്‍ എന്ന തലക്കെട്ടോടെയാണ് അദാനി എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഓഡിറ്റിങ്, കടബാധ്യത, വരുമാനം, ബാലന്‍സ് ഷീറ്റ്, ഭരണസംവിധാനം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മാത്രമാണ് റിപ്പോര്‍ട്ട് വിശദീകരണം നല്‍കുന്നത്.
ധനകാര്യ മാധ്യമമായ 'ലൈവ് മിന്റാ'ണ് അദാനി ഗ്രൂപ്പിന്റെ മറുപടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.വരുമാനവും, ബാലന്‍സ് ഷീറ്റും കൃത്രിമമായി ഉയര്‍ത്തിയതാണെന്ന ആരോപണത്തിനും കമ്പനി മറുപടി നല്‍കി.
വരുമാനം, ചിലവ്, മൂലധനച്ചിലവ് എന്നിവയില്‍ കമ്പനിയുടെ 9 ലിസ്റ്റഡ് കമ്പനികളില്‍ ആറെണ്ണത്തിനും സെക്ടര്‍ അടിസ്ഥാനത്തിലുള്ള റെഗുലേറ്ററി റിവ്യൂ നടത്തുന്നു. ആകെയുള്ള പ്രമോട്ടര്‍ ലിവറേജ്, പ്രമോട്ടറുടെ ഓഹരി പങ്കാളിത്തത്തിന്റെ നാല് ശതമാനത്തില്‍ കുറവാണെന്നും അദാനി മറുപടി നല്‍കി.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഷെല്‍ കമ്പനികളെക്കുറിച്ചുള്ള ചോദ്യത്തിന് അദാനി മറുപടി നല്‍കിയിട്ടില്ല. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ നേതൃത്വത്തില്‍ ഷെല്‍ കമ്പനികള്‍ രൂപീകരിച്ച് ഓഹരി വില ഉയര്‍ത്തുന്നു എന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രധാന ആരോപണം.
സുതാര്യമായ ബിസിനസ് ആണ് നടത്തുന്നതെങ്കില്‍ അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ടിലെ 88 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.