തകര്‍ച്ച! കിടപ്പാടവും പണയംവച്ച് ബൈജു രവീന്ദ്രന്‍

ഒരുകാലത്ത് ഇന്ത്യയിലെ പേരെടുത്ത സംരംഭകന്‍. പിന്നീട് ലോകവിപണി മാറ്റിമറിക്കാന്‍തക്ക ശക്തിയാര്‍ജിച്ച മുതലാളി

author-image
Web Desk
New Update
തകര്‍ച്ച! കിടപ്പാടവും പണയംവച്ച് ബൈജു രവീന്ദ്രന്‍

 

ബെംഗളൂരു: ഒരുകാലത്ത് ഇന്ത്യയിലെ പേരെടുത്ത സംരംഭകന്‍. പിന്നീട് ലോകവിപണി മാറ്റിമറിക്കാന്‍തക്ക ശക്തിയാര്‍ജിച്ച മുതലാളി. ഒടുവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം കണ്ടെത്തുന്നതിനായി ബംഗളുരുവിലെ വീടുകളും എപ്‌സിലോണില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയും പണയം വച്ചു. ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ ഏകദേശം 100 കോടി രൂപയ്ക്കാണ് വീടുകള്‍ പണയംവച്ചത്.

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ജോലിചെയ്യുന്നത് 15,000 ത്തോളം ജീവനക്കാരാണ്. വീടുകള്‍ പണയം വച്ച് ലഭിച്ച പണം ഉപയോഗിച്ച് ശമ്പളം തിങ്കളാഴ്ച നല്‍കുകയും ചെയ്തു. അതേസമയം ബൈജൂസ് അധികൃതര്‍ ഔദ്യോഗികമായി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

സാമ്പത്തിക പ്രതിസന്ധി മറികടന്ന് കമ്പനിയെ നിലനിര്‍ത്താനുമുള്ള ശ്രമത്തിലാണ് ബൈജു രവീന്ദ്രന്‍. പണം സ്വരൂപിക്കുന്നതിന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ വായനാ പ്ലാറ്റ്ഫോം എപികിനെ വില്‍ക്കാനൊരുങ്ങുകയാണ് ബൈജൂസ് എന്നാണ് വിവരം.

ഇതിനിടെ 120 കോടി ഡോളര്‍ വായ്പ്പയുടെ പലിശ മുടങ്ങിയതിനെ തുടര്‍ന്നുള്ള നിയമനടപടികളും കമ്പനി നേരിടുന്നുണ്ട്. മുമ്പ് 500 കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു ബൈജു രവീന്ദ്രന്. ഇപ്പോള്‍ 40 കോടി ഡോളറാണ് വ്യക്തിപരമായി കടമെടുത്തിരിക്കുന്നത്. തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ തന്റെ മുഴുവന്‍ ഓഹരികളും പണയംവച്ചാണ് ഇത്രയും തുക വായ്പ്പയെടുത്തത്.

byjus india buisness byju raveendran