/kalakaumudi/media/post_banners/5e78a23828633a9e01962cf1c350e501fe7f6474ea16471e509bc91107cd010b.jpg)
കൊച്ചി : കേരളത്തിന്റെ പ്രഥമ സിഎന്‍ജി ഇന്ധനസ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റീട്ടെയ്ല്‍ ഇന്ധന ഔട്ട്‌ലറ്റായ കളമശ്ശേരി ഫില്ലിങ്ങ് സ്റ്റേഷനാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരളത്തിലെ പ്രഥമ സിഎന്‍ജി ഇന്ധന സ്റ്റേഷന്‍.
2018-19 സാമ്പത്തിക വര്‍ഷം 10 പുതിയ സിഎന്‍ജി ഇന്ധന സ്റ്റേഷനുകള്‍ കൂടി സംസ്ഥാനത്ത് തുറക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 സിഎന്‍ജി പമ്പുകള്‍ തുറക്കുകയാണ് ലക്ഷ്യം.
ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍, പ്രൊഫ കെ.വി.തോമസ് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റവന്യൂ (ദേവസ്വം) പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ പി ഉദയകുമാര്‍, ഇന്ത്യന്‍ ഓയില്‍ അഡാനി ഗ്യാസ് ചെയര്‍മാന്‍ എസ് കെ ശര്‍മ, ഇന്ത്യന്‍ ഓയില്‍ കേരള സ്റ്റേറ്റ് ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ പി.എസ് മണി, ഇന്ത്യന്‍ ഓയില്‍ കേരള സ്റ്റേറ്റ് ജനറല്‍ മാനേജര്‍ (റീട്ടെയ്ല്‍ സെയില്‍സ്) എന്നിവരെല്ലാം ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.
എസ് സി എം എസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നടന്ന ചടങ്ങില്‍ മൂന്നു സിഎന്‍ജി പമ്പുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഫാള്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കളമശ്ശേരി, എം എ മൂപ്പന്‍ ആന്‍ഡ് ബ്രദേഴ്‌സ് ആലുവ, മേലേത്ത് ഏജന്‍സീസ് മരട് എന്നിവയാണ് പുതിയ സിഎന്‍ജി പമ്പുകള്‍. കണ്ടെയ്‌നര്‍ റോഡ് കളമശ്ശേരി, മുട്ടം, പുളിഞ്ചോട് ആലുവ, മരട് എന്നിവിടങ്ങളിലാണ് പുതിയ സിഎന്‍ജി ഇന്ധന സ്റ്റേഷനുകള്‍.
ഇന്ത്യന്‍ ഓയിലിന്റെ ഹരിത സംരംഭമായ വിപിനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങുകള്‍ക്ക് ബൊക്കെകള്‍ക്കു പകരം ചെടികള്‍ സമ്മാനിക്കുന്ന പരിപാടിയാണ് വിപിനം. റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനും പ്ലാന്റ് നഴ്‌സറികളും ഉപയോഗിച്ച് ഹരിതാഭമാക്കുകയാണ് വിപിനത്തിന്റെ മറ്റൊരു ഉദ്ദേശ്യം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയാണ് വിപിനത്തിന്റെ ലക്ഷ്യം.
സുരക്ഷിതമായ ഇന്ധനം കേരളത്തില്‍ ലഭ്യമാക്കുകയാണ് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് വഴി ഇന്ത്യന്‍ ഓയില്‍ ലക്ഷ്യമിടുന്നത്. വാഹന പുക മലിനീകരണം മൂലം ഇന്ത്യയിലെ പല നഗരങ്ങളും ശ്വാസംമുട്ടുകയാണ്. അന്തരീക്ഷ മലിനീകരണം കുറച്ച്, ആരോഗ്യകരമായ പരിസ്ഥിതിയാണ് സിഎന്‍ജി ലഭ്യമാക്കുക.
ലെഡ് രഹിത, സള്‍ഫര്‍ രഹിത ഹരിത ഇന്ധനമായ സിഎന്‍ജി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രാഥമിക ഊര്‍ജ്ജ ഉറവിടമാണ്.
ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ 80 നഗരങ്ങളില്‍ സിഎന്‍ജി ഇന്ധന വാഹനങ്ങള്‍ ഓടുന്നുണ്ട്. 30, 02, 394 സിഎന്‍ജി വാഹനങ്ങള്‍: 1306 സിഎന്‍ജി പമ്പുകള്‍: ന്യൂഡല്‍ഹി, ഗുര്‍ഗാവോണ്‍, ആഗ്രാ, ലക്‌നൗ, ഇന്‍ഡോര്‍, മുംബൈ, പൂനെ, ബറോഡ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളിലെല്ലാം സിഎന്‍ജി വാഹനങ്ങളാണ് ഓടുന്നത്.
ലെഡ് രഹിത, സള്‍ഫര്‍ രഹിത ഹരിത ഇന്ധനമാണ് സിഎന്‍ജി. എംഎസ്, എച്ച്എസ്ഡി എന്നിവ 60-70 മാത്രം കത്തുമ്പോള്‍ സിഎന്‍ജി പൂര്‍ണമായും, 85 ശതമാനത്തോളം കത്തി തീരുന്നു. അതിനാല്‍ 80 ശതമാനം കാര്‍ബണ്‍ മോണോക്‌സൈഡും 90 ശതമാനം നൈട്രസ് ഓക്‌സൈഡും കുറവായിരിക്കും. കൂടുതല്‍ എക്കണോമിക്കലും.
തുരുമ്പിനെ പ്രതിരോധിക്കുന്നതായതിനാല്‍ സ്പാര്‍ക്ക് പ്ലഗിന് കൂടുതല്‍ ആയുസ് ലഭിക്കും. വായുവിനേക്കാള്‍ ഭാരരഹിതം. ലീക്കേജ് ഉണ്ടായാല്‍ അന്തരീക്ഷത്തെ അപകടപ്പെടുത്തുകയുമില്ല. എംഎസിനേക്കാള്‍ വില കുറവും.
സിഎന്‍ജി ഉപയോഗം വഴി പ്രവര്‍ത്തന ചെലവില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് ഫ്‌ളീറ്റ് ഓണേഴ്‌സ് വ്യക്തമാക്കുന്നുണ്ട്. പെട്രോള്‍ എഞ്ചിനെ അപേക്ഷിച്ച് 60 ശതമാനവും ഡീസല്‍ എഞ്ചിനെ അപേക്ഷിച്ച് 40 ശതമാനവും പ്രവര്‍ത്തന ചെലവ് കുറവാണ്.
ഏതു വാഹനവും സിഎന്‍ജിയിലേയ്ക്ക് മാറ്റാം. പെട്രോള്‍/ സിഎന്‍ജി ഇരട്ട ഇന്ധന വാഹനമായും ഉപയോഗിക്കാം.
ടൊമാസെറ്റോ ആച്ചിലെ, ലൊവാറ്റോ, ഗ്രെസോ എന്നീ കമ്പനികളുടെ സിഎന്‍ജി കിറ്റുകള്‍ വിപണിയിലുണ്ട്. 30,000 - 50,000 രൂപയാണ് വില നിലവാരം. അറ്റകുറ്റപണികള്‍ കുറവായിരിക്കും എന്നതാണ് പ്രത്യേകത. മൈലേജും കൂടുതലാണ്. പെട്രോളിനെക്കാള്‍ 50 ശതമാനം കുറവാണ് റണ്ണിംഗ് കോസ്റ്റ്.
ഗാര്‍ഹിക, വ്യാവസായിക ഇന്ധനമായി സിഎന്‍ജി 2016 മുതല്‍ എറണാകുളത്ത് ഉപയോഗിക്കുന്നുണ്ട്. കളമശ്ശേരിയില്‍ 2500-ഓളം കുടുംബങ്ങള്‍ പിഎന്‍ജി (പൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) ഉപയോഗിക്കുന്നുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരത്തെ ആനയറയില്‍ ഒരു എല്‍എന്‍ജി എല്‍സിഎന്‍ജി സ്റ്റേഷന്‍ സ്ഥാപിക്കാനും പരിപാടി ഉണ്ട്.