/kalakaumudi/media/post_banners/2c5a71eebfca4e70f88d448a6a7076016b748251e7a9854590f7dd4f3b956d7d.jpg)
കൊച്ചി: ഡിജിറ്റല്‍ ജീവിത ശൈലി സാര്‍വ്വത്രികമാക്കുകയും വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഗ്ലോബല്‍ ഐടി സമ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവാണ് കേരളത്തിന്റെ ഭാവി. കേരളത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡിജിറ്റല്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ യുവാക്കളുടെ വൈദഗ്ദ്ധ്യവും വികസിപ്പിക്കേണ്ടതുണ്ട്. ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഡിജിറ്റല്‍ രംഗത്ത് ഇവിടെ ലഭ്യമാകണം. ഐടി പാര്‍ക്കുകളിലടക്കം വലിയ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നത്. ഇന്റര്‍നെറ്റ് ഓരോ പൗരന്റെയും അവകാശമായി നാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ വര്‍ഷവും 1000 പബ്ലിക് വൈഫൈ സ്‌പോട്ടുകള്‍ ആരംഭിക്കുന്ന പദ്ധതി ഇവിടെ ആരംഭിക്കുകയാണ്. ആഗോള വിവര സാങ്കേതിക ഡിജിറ്റല്‍ രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം, മുഖ്യമന്ത്രി പറഞ്ഞു.
സോഫ്റ്റ് വെയര്‍, ഇന്റെലിജന്റ് ഡിവൈസുകള്‍, ഇന്റര്‍കണക്ടഡ് സങ്കേതങ്ങള്‍ ഓരോ വീടിനെയും ഓഫീസിനെയും മാറ്റിമറിച്ചിരിക്കുകയാണ്. സമ്മിറ്റില്‍ പങ്കെടുക്കുന്ന ഐടി രംഗത്തെ വിദഗ്ധരുടെയും സംരംഭകരുടെയും നിക്ഷേപകരുടെയും കൂട്ടായ്മയിലൂടെ കേരളത്തില്‍ ഡിജിറ്റല്‍ ലൈഫ് സ്‌റ്റൈല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തെ ഒരു നോളജ് സമൂഹമാക്കി മാറ്റുക, ഡിജിറ്റല്‍ രംഗത്ത് നിക്ഷേപം സാധ്യമാക്കുക, ഐടി രംഗത്തെ പുതിയ സംരംഭകരെയും പ്രതിഭകളെയും പ്രോത്സാേഹിപ്പിക്കുക, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി സാധ്യമാക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.