60.20 കോടി രൂപയുടെ 38 പദ്ധതികള്‍ക്ക് അനുമതി

കേരോത്പന്നങ്ങളുടെ നിര്‍മ്മാണവും സംസ്‌കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര ടെക്‌നോളജി മിഷന്‍ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 60.20 കോടി രൂപയുടെ 38 പദ്ധതികള്‍ക്ക് അനുമതി നല്‍കി.

author-image
Greeshma G Nair
New Update
60.20 കോടി രൂപയുടെ 38 പദ്ധതികള്‍ക്ക് അനുമതി

കൊച്ചി: കേരോത്പന്നങ്ങളുടെ നിര്‍മ്മാണവും സംസ്‌കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര ടെക്‌നോളജി മിഷന്‍ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 60.20 കോടി രൂപയുടെ 38 പദ്ധതികള്‍ക്ക് അനുമതി നല്‍കി.

പ്രതിവര്‍ഷം 1912.70 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ളതും, 18,000 മെട്രിക് ടണ്‍ ചിരട്ടക്കരി, 1500 മെട്രിക ടണ്‍ ഉത്തേജിത കരി എന്നിവ ഉത്പാദിപ്പിക്കാന്‍ 9.086 കോടി രൂപയുടെ ധനസഹായവും അനുവദിച്ചു. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ.കെ. സിംഗിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

38 പദ്ധതികളില്‍ മൂന്നെണ്ണം ഗവേഷണ പദ്ധതികളും, 32 എണ്ണം നാളികേര സംസ്‌കരണത്തിനും ഉല്‍പന്ന വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികളും, മൂന്നെണ്ണം മാര്‍ക്കറ്റ് പ്രമോഷനുമുള്ള പദ്ധതികളുമാണ്.


കേരളത്തില്‍ പ്രതിദിനം 77,400 നാളികേരം സംസ്‌കരിക്കുന്ന 5 വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റുകള്‍ക്കും, പ്രതിദിനം 5500 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഒരു കോക്കനട്ട് ഓയില്‍ യൂണിറ്റിനും, 30,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ യൂണിറ്റിനും, 10,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഒരു കൊപ്ര ഡ്രയര്‍ യൂണിറ്റിനും അനുമതിയായി.

coconut project