/kalakaumudi/media/post_banners/70e2651c1cfbab74953678d8bd7db192e24181fd6c73cc21d72c7f91e0e47654.jpg)
കൊച്ചി: ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഐടി സമുച്ചയങ്ങള്‍ വികസിപ്പിച്ചിട്ടുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രസ്റ്റിജ് ഗ്രൂപ്പിന്റെ കൊച്ചി സ്മാര്‍ട്സിറ്റിയിലെ ഐടി സമുച്ചയം സൈബര്‍ ഗ്രീനിന്റെ നിര്‍മാണം ആരംഭിച്ചു. സ്മാര്‍ട്സിറ്റി പദ്ധതിപ്രദേശത്ത് നടന്ന ചടങ്ങില്‍ പ്രസ്റ്റിജ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇര്‍ഫാന്‍ റസാഖ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പ്രസ്റ്റിജ് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ഐടി പദ്ധതിയാണ് സൈബര്‍ ഗ്രീന്‍. സ്മാര്‍ട്സിറ്റി സിഇഒ മനോജ് നായര്‍, പ്രസ്റ്റിജ് ഗ്രൂപ്പ് എക്സിക്യുട്ടിവ് ഡയറക്ടര്‍മാരായ ഫായിസ് റിസ്വാന്‍, വി. ഗോപാല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കേരള തങ്കച്ചന്‍ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
8 ഏക്കറില്‍ മൊത്തം 12 ലക്ഷം ച.അടി ബില്‍റ്റ് അപ് ഏരിയയില്‍ രണ്ട് ഐടി ടവറുകളാണ് ബംഗലൂരു ആസ്ഥാനമായ കമ്പനി വികസിപ്പിക്കുന്നത്. 300 കോടി രൂപ നിക്ഷേപമുള്ള പദ്ധതി 2.5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സൈബര്‍ ഗ്രീനില്‍ 10,000 പേര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമുണ്ടാകും. നിലവില്‍ ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഐടി ടവറുകളുള്ള കമ്പനിക്ക് ജേപി മോര്‍ഗന്‍ ചേസ്, ഒറാക്ക്ള്‍, നോക്കിയ, എയര്‍ടെല്‍ ഉള്‍പ്പെടെ വന്‍കിട കമ്പനികള്‍ ക്ലയന്റുകളായുണ്ട്.
ഐടി രംഗത്ത് കേരളത്തില്‍ വന്‍ സാധ്യതകളുണ്ടെന്നും അത് ഉപയോഗപ്പെടുത്താനാണ് ഐടി സമുച്ചയത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും ഇര്‍ഫാന്‍ റസാഖ് പറഞ്ഞു. മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് പ്രദേശത്തുള്ളതെന്നും മെട്രോ സര്‍വീസ് വ്യാപനം ഇതിന് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രദേശത്തെ സാമൂഹ്യപരമായ സൗകര്യങ്ങളും വന്‍ വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐടി കമ്പനികളെ ഒരു കുടക്കീഴില്‍ എത്തിക്കുന്നത് കാരണം സ്മാര്‍ട്സിറ്റി സംസ്ഥാനത്തിന്റെ ഐടി മേഖലയ്ക്ക് വന്‍ മുതല്‍ക്കൂട്ടാകുമെന്നും ഇര്‍ഫാന്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.
ഒരു ദശലക്ഷത്തിലേറെ ച.അടി വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മറ്റൊരു വാണിജ്യ സമുച്ചയമാണ് ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകുകയെന്ന് കൊച്ചി സ്മാര്‍ട്സിറ്റി സിഇഒ മനോജ് നായര്‍ പറഞ്ഞു. കേരള സംസ്ഥാനത്തിലും കൊച്ചി സ്മാര്‍ട്സിറ്റിയുടെ ദീര്‍ഘകാല വീക്ഷണത്തിലും കോ-ഡെവലപ്പര്‍മാര്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 2021-ഓടെ 6 ദശലക്ഷം ച.അടി ഐടി സ്പേസ് എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് സ്മാര്‍ട്സിറ്റി. മറ്റ് കോ-ഡെവലപ്പര്‍മാരും അവരുടെ പദ്ധതികളുടെ വിവിധ ഘട്ടങ്ങളിലാണെന്നും സ്മാര്‍ട്സിറ്റിയുടെ സംയോജിത ടൗണ്‍ഷിപ്പ് മാതൃകയിലെ മറ്റ് ഘടകങ്ങളില്‍ പങ്കാളികളാകാന്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രചോദനം നല്‍കുന്നതാണ് ഈ പദ്ധതികളെന്നും മനോജ് നായര്‍ പറഞ്ഞു.