/kalakaumudi/media/post_banners/fab70b9d2505849792c48bf96ebca143ef1e25196be195ec2a7d5afaf3620f98.jpg)
സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയിലെ പിരിച്ചുവിടല്‍ ഇന്ന് മുതല്‍ ആരംഭിക്കും. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ബുധനാഴ്ച മുതല്‍ മെറ്റാ പ്ലാറ്റ്ഫോമുകള്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങും.
വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാന്‍ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. പിരിച്ചുവിടുന്ന ജീവനക്കാരെ ഇന്ന് രാവിലെ മുതല്‍ അറിയിക്കും. ജീവനക്കാരുമായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
വളര്‍ച്ചയെ കുറിച്ചുള്ള അമിതമായ പ്രതീക്ഷയാണ് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് സക്കര്‍ബര്‍ഗിന്റെ വാദം. അതേസമയം, ട്വിറ്ററില്‍ നടന്നത് പോലെയുള്ള വലിയ അളവിലുള്ള പിരിച്ചുവിടല്‍ മെറ്റയില്‍ ഉണ്ടാവില്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കമ്പനിയില്‍ ഇതുവരെ നടന്ന കൂട്ട പിരിച്ചുവിടലുകളില്‍ ഏറ്റവും വലുതായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്. നിലവില്‍ 87,000 ജീവനക്കാരാണ് കമ്പനിക്ക് ലോകമെമ്പാടുമുള്ളത്.
ചെറിയ വിഭാഗം ഉയര്‍ന്ന മുന്‍ഗണനയുള്ള വളര്‍ച്ചാ മേഖലകളിലെ നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അടുത്തിടെ ഒരു മെറ്റ വക്താവ് അറിയിച്ചത്. ജീവനക്കാരോട് അനാവശ്യ യാത്രകള്‍ ഒഴിക്കാന്‍ സീനിയര്‍ മാനേജര്‍മാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റില്‍, തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളില്‍ കമ്പനി വരുമാനത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തതോടെ കൂട്ട പിരിച്ചുവിടലിന്റെ സൂചന സക്കര്‍ബര്‍ഗ് നല്‍കിയിരുന്നു.
നേരത്തെ ഇന്ത്യയില്‍ നിന്ന് ജോലി ചെയ്യുന്ന 90 ശതമാനം ജീവനക്കാരും ഉള്‍പ്പെടെ ആഗോളതലത്തില്‍ 3000ലധികം ജീവനക്കാരെ മസ്‌ക് ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ട്വിറ്റര്‍ ഇന്ത്യയില്‍ ആകെ 200 ജീവനക്കാര്‍ ഉണ്ടായിരുന്നെന്നും അതില്‍ 20-25 പേരെ മാത്രം നിലനിര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.