/kalakaumudi/media/post_banners/276aa9e0ab5d0b389d2beb5905ef4e48388aaad99f5ed25e76531d8dd6550b87.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ)യിലെ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് മുന്‍നിര ഐടി കമ്പനികളുടെ ക്യാംപസ് സെലക്ഷനില്‍ ഇന്റേണ്‍ഷിപ്പിനും പ്ലേസ്‌മെന്റിനും റെക്കോര്‍ഡ് ഓഫറുകള്‍. തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രതിമാസം 30,000 രൂപ വരെ സ്‌റ്റൈപെന്‍ഡ് വാഗ്ദാനമാണ് ലഭിച്ചിരിക്കുന്നത്.
പ്ലേസ്‌മെന്റ് ലഭിച്ചവര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിവര്‍ഷം മൂന്നു ലക്ഷം മുതല്‍ എട്ടുലക്ഷത്തിലേറെ രൂപ വരെയുള്ള പാക്കേജുകള്‍ക്ക് അര്‍ഹരായി. ഡാറ്റ അനലിറ്റിക്‌സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ സ്‌പെഷലൈസ് ചെയ്യുന്നവര്‍ക്ക് ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലെ കമ്പനികള്‍ക്കു പുറമേ ബഹുരാഷ്ട്ര കമ്പനികളില്‍നിന്നും ഓഫറുകള്‍ നേടാനായി.
ടിസിഎസ്, ഏണസ്റ്റ് ആന്‍ഡ് യങ്, നോക്കിയ, ജിഇ(ജെഡബ്‌ള്യുടിസി), എബിബി, യുഎസ്ടി ഗ്ലോബല്‍, ടാറ്റ എലിക്‌സി തുടങ്ങിയ വമ്പന്‍മാരാണ് കേരളത്തിന്റെ അഭിമാനമായ ഈ ഐടി സ്ഥാപനത്തില്‍ ക്യാംപസ് സെലക്ഷന് എത്തിയത്. ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുംനിന്നായി കാല്‍പൈന്‍ ടെക്‌നോളജീസ്, കൊഗ്‌നികോര്‍, റൂബി സോഫ്‌റ്റ്വെയര്‍, മൊസാന്റ ടെക്‌നോളജീസ്, സോഷ്യസ് ഇനവേറ്റീവ് ഗ്ലോബല്‍ ബ്രെയ്ന്‍സ്, ടെക്വാന്റേജ്, കോഗ്‌നബ്, ഏയ്‌റസ് ഡാറ്റ മാര്‍ക്കറ്റിങ്, ക്ലാപ് റിസര്‍ച്ച്, അക്യുബിറ്റ്‌സ് ടെക്‌നോളജീസ്, ലെനോക്‌സ് ഇന്റര്‍നാഷനല്‍ എന്നീ കമ്പനികളും പുറത്തുനിന്ന് ഡാറ്റബീറ്റ്.ഐഒ എന്ന കമ്പനിയുമെത്തി.
ഐടി/ഐടിഇസ്, മെഷീന്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ എന്‍ജിനീയറിങ്, സൈബര്‍ സെക്യൂരിറ്റി, ഐഒടി, ക്ലൗഡ്, ബ്ലോക്ക്‌ചെയ്ന്‍, സോഫ്‌റ്റ്വെയര്‍ ഡവലപ്‌മെന്റ്, പ്രോഗ്രാമിങ്, ജിയോസ്‌പേഷല്‍ അനലിറ്റിക്‌സ്, എന്‍എല്‍പി, റോബോട്ടിക്‌സ് പ്രോസസ് ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടമോട്ടീവ് ആന്‍ഡ് ടെക്‌നോളജി എന്നിവയായിരുന്നു സ്‌പെഷലിസ്റ്റ് മേഖലകള്‍.
എംഎസ്സി 2019 ബാച്ചും കംപ്യൂട്ടര്‍ സയന്‍സ് എംഫില്‍ 2018 ബാച്ചും ആറും മാസവും മൂന്നു മാസവും നീളുന്ന ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ക്യാംപസ് സെലക്ഷനിലൂടെ കരസ്ഥമാക്കി.