ടൂറിസ വ്യവസായത്തിന്റെ പുത്തൻ സാധ്യതകളുമായി 'ഗ്ലോബൽ ട്രാവൽ ആൻഡ് ട്രേഡ് മാർക്കറ്റ് എക്സ്പോ'

By Web desk.29 09 2023

imran-azhar

 


തിരുവനന്തപുരം: ലോകോത്തര മാര്‍ക്കറ്റിലെ പുത്തന്‍
ഉത്പന്നങ്ങളും നൂതന സാങ്കേതിക വിദ്യകളും സമന്വയിക്കുന്ന ഗ്ലോബല്‍ ട്രാവല്‍ ആന്‍ഡ് ട്രേഡ് മാര്‍ക്കറ്റ് എക്‌സ്‌പോയുടെ ആദ്യ പതിപ്പിന് തുടക്കമായി.

 കാര്യവട്ടം ഗ്രീന്‍ഫീല്‍സ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലുമായി നടക്കുന്ന എക്‌സ്‌പോയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ളവരുടെ വന്‍ പങ്കാളിത്തമാണുള്ളത്.

 

വിമാന കമ്പനികളുടെയും ടൂറിസം കമ്പനികളുടെയും സ്റ്റാളുകള്‍ തുടങ്ങി കേരളത്തിന്റെ തനത് സാംസ്‌കാരിക വൈവിധ്യവും, രുചി വൈഭവങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണമാണ്. കേരളത്തിന്റെ അയോധന കലകളും കരകൗശല മികവും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും വിദേശകാണികള്‍ക്ക് കൗതുകമായി.

 

കേരളത്തില്‍ നിന്നുള്ള സ്റ്റാളുകള്‍ക്ക് പുറമെ ജമ്മു കാശ്മീരിനെ പ്രതിനിധീകരിക്കുന്ന 3 സ്റ്റാളുകളും മേളയിലുണ്ട്.കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്‌സ്‌പോ മികച്ച വേദിയാണെന്ന് സ്റ്റാളുടമകള്‍ പറയുന്നു.

 

'ജമ്മുകാശ്മീരിലേക്കുള്ള വിനോദ സഞ്ചാരം പ്രതിസന്ധികള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി വരുന്നുണ്ട്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. ഗുജറാത്ത്,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെക്കാളും വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നാണ് എത്തുന്നത്. ' കാശ്മീരില്‍ നിന്നുള്ള ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഉടമ താരിക് നജാര്‍ പറഞ്ഞു.

 

'മുന്‍കാലങ്ങളില്‍ പോലെ സുരക്ഷാ ഭീഷണികള്‍ ഇപ്പോള്‍ ജമ്മുകാശ്മീരിലില്ല. കശ്മീര്‍ താഴ്വാരങ്ങളിലേക്ക് ഇപ്പോള്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നുണ്ട്. ട്രെക്കിങ് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി, സര്‍ക്കാരും ടൂറിസത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ' അദ്ദേഹം പറഞ്ഞു. ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് നല്ല രീതിയില്‍ ബിസിനസ് വര്‍ധിപ്പിച്ചു എന്നും താരിക് നജാര്‍ പറഞ്ഞു.

 

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള, ടിഎന്‍ടിഇവി എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുടെ പദ്ധതിയും മേളയില്‍ ശ്രദ്ധേയമായി.

 

കോവളം കേന്ദ്രീകരിച്ച് ബഗ്ഗി ബൈക്ക് സാഹസിക യാത്രയും, പെയിന്റ് ബോള്‍ ഷൂട്ടിംങും ഒരുങ്ങുന്നുണ്ട്. കേരളത്തിന് അത്ര പരിചിതമല്ലാത്ത ഈ പദ്ധതികള്‍ ടൂറിസത്തെ പുത്തന്‍ തലങ്ങള്‍ തുറക്കുന്നവയാണ്.

 

ആയിരത്തിലധികം വ്യാപരികളും നിരവധി ദേശീയ, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും നൂറിലധികം കോര്‍പ്പറേറ്റ് പ്രതിനിധികളും പങ്കെടുക്കുന്നതാണ് ഗ്ലോബല്‍ ട്രാവല്‍ ആന്‍ഡ് ട്രേഡ് മാര്‍ക്കറ്റ് എക്‌സ്‌പോ.

 

കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായം സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം നല്‍കാനുള്ള വിപുലമായ സാധ്യത കണക്കിലെടുത്ത്, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് കൊണ്ട് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

 

ടൂറിസം മേഖലയിലെ രണ്ട് മുന്‍നിര സംസ്ഥാനങ്ങളായ കേരളവും ഗോവയും പരസ്പര സഹകരണത്തിന്റെ പുതു വഴികള്‍ തേടണമെന്ന് ഗോവ ഗവര്‍ണര്‍ പി.ശ്രീധരന്‍ പിള്ള പറഞ്ഞു. എക്സ്പോയില്‍ സെമിനാര്‍ സെഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഗ്ലോബല്‍ ട്രാവല്‍ ആന്‍ഡ് ട്രേഡ് മാര്‍ക്കറ്റ് എക്‌സ്‌പോ സെപ്റ്റംബര്‍ 30 മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും.

 

 

OTHER SECTIONS